സെയ്ഫ് അലിഖാൻ- കരീന കപൂർ ദമ്പതികളുടെ ഏകമകനായ തൈമൂർ അലീഖാന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ പാപ്പരാസികൾ മത്സരിക്കുകയാണ്. എവിടെപ്പോയാലും തൈമൂറിനെ പിന്തുടർന്ന് ഇവരുടെ ക്യാമറാകണ്ണുകൾ ഉണ്ടാകും. ഇതിൽ സെയിഫും കരീനയും നിരവധി തവണ മുഖം കറുപ്പിച്ചെങ്കിലും പാപ്പരാസികൾ കുട്ടിയെ വിടാൻ ഒരുക്കമല്ല. ഇപ്പോഴിതാ ഇതേ ആശങ്ക പങ്കുവച്ചിരിക്കുകയാണ് സെയിഫ് അലീഖാന്റെ അമ്മ ശർമിള ടാഗോർ.
കരീന കപൂറിന്റെ ചാറ്റ് ഷോയുടെ സെക്കന്റ് സീസണിൽ എത്തിയപ്പോഴാണ് ശർമിള മനസ് തുറന്നത്. തൈമൂറിന് കിട്ടുന്ന ഈ മാദ്ധ്യമശ്രദ്ധ അവന്റെ വ്യക്തിത്വ രൂപീകരണത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് അവർ പറഞ്ഞു.
'പാപ്പരാസികളിൽ നിന്ന് തൈമൂറിനെ രക്ഷപ്പെടുത്താൻ ഒരേയൊരു വഴിമാത്രമേയുള്ളു. വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും ഒരു കുഞ്ഞുണ്ടായാൽ മാദ്ധ്യമങ്ങൾ തൈമൂറിനെ പിന്തുടരുന്നത് നിർത്തും'-ശർമിള ടഗോർ വ്യക്തമാക്കി. താനും അങ്ങനെ പ്രതീക്ഷിക്കുന്നുവെന്ന് കരീന കപൂർ ചിരിച്ചുകൊണ്ട് പറഞ്ഞു.