തിരുവനന്തപുരം: മോഡറേഷൻ നൽകുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് കേരള സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ രേണുകയെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. ഡെപ്യൂട്ടി രജിസ്ട്രാറുൾപ്പെടെയുളള പരീക്ഷാ വിഭാഗം ജീവനക്കാരുടെ ഭാഗത്തുനിന്ന് ബോധപൂർവമായ ക്രമക്കേടുകളുണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ്ചാൻസലർ സസ്പെൻഷൻ പിൻവലിച്ചത്. മോഡറേഷനിലുണ്ടായ വ്യതിയാനം പരിശോധിച്ച് പുതിയ മാർക്ക് ലിസ്റ്റുകൾ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്നതിനുള്ള നടപടികളും സർവകലാശാല തുടരുകയാണ്.
കുറവൻകോണം യു.ഐ.ടിയുടെ പേരിലുള്ള വ്യാജൻ മാർക്ക് ലിസ്റ്റുകൾ സ്വർണക്കടത്ത് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിലെ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകിയതായും അധികൃതർ അറിയിച്ചു.