ദേശീയ സീനിയർ സ്കൂൾ കായിക മേളയിൽ ഇന്നലെ നാല് സ്വർണം നേടി കേരളം ഒന്നാമത്
ഇന്നലെ രണ്ട് സ്വർണം , മീറ്റിൽ ട്രിപ്പിൾ തികച്ച് ആൻസി സോജൻ
ആൻസിക്കും രോഹിതിനും റെക്കാഡ്
ആകെ പിറന്നത് 8 റെക്കാഡുകൾ
സംഗ്രൂർ (പഞ്ചാബ്) : ദേശീയ സീനിയർ സ്കൂൾ അത്‌ലറ്രിക് മീറ്രിൽ മഞ്ഞും മഴയും മാറി നിന്ന നാലാം ദിനം കേരളത്തിന്റെ സുവർണക്കുതിപ്പ്. നാല് വീതം സ്വർണവും വെള്ളിയും 5 വെങ്കലവും ഇന്നലെ സ്വന്തമാക്കിയ കേരളം ഇതോടെ കിരീടത്തിനടുത്തെത്തി. ഇന്നലത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 125 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തെത്തി. 100 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും 93 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനത്തുമുണ്ട്. സബ്‌ജൂനിയർ, ജൂനിയർ വിഭാഗങ്ങൾ ഉൾപ്പെടയുള്ള ഓവറാൾ പോയിന്റ് നിലയിലും കേരളം മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തി. 222 പോയിന്റാണ് ഇപ്പോൾ കേരളത്തിനുള്ളത്.219 പോയിന്റുമായി മഹാരാഷ്ട്രയും 217 പോയിന്റുമായി ഹരിയാനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കാലാവസ്ഥയുൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മൂലം കഴിഞ്ഞ ദിവസങ്ങളിൽ പിന്നാക്കം പോയ കേരളം ഇന്നലെ മാത്രം 80 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
200 മീറ്ററിലും ലോംഗ് ജമ്പിൽ റെക്കാഡുൾപ്പെടെയും സ്വർണം നേടിയ ആൻസി സോജൻ തന്റെ അവസാന സ്കൂൾ മീറ്ര് അവിസ്മരണീയമാക്കി. 400 മീറ്റർ ഹർഡിൽസിൽ ആർ. രോഹിതും റെക്കാഡോടെയാണ് സ്വർണം സ്വന്തമാക്കിയത്. പെൺകുട്ടികളുടെ ഈ ഇനത്തിൽ ആർ. ആരതിയും സ്വർണം നേടി.
വെള്ളിത്തിളക്കങ്ങൾ
100 മീറ്രർ ഹർഡിൽസിൽ ആൻ റോസ് ടോമി (14.30 സെക്കൻഡ്), ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നി (55.73 മീറ്രർ), പോൾ വോൾട്ടിൽ ബ്ലെസി കുഞ്ഞുമോൻ (3.10 മീറ്രർ), ആൺകുട്ടികളുടെ പോൾവോൾട്ടിൽ അലൻ ബിജു (4.10 മീറ്രർ) എന്നിവരാണ് കേരളത്തിനായി ഇന്നലെ വെള്ളി നേടിയത്.
വെങ്കലത്തിളക്കങ്ങൾ
ആൺകുട്ടികളുടെ 110 മീറ്രർ ഹർഡിൽസിൽ സൂര്യജിത്ത് ആർ.കെ (14.14 സെക്കൻഡ്), ലോംഗ് ജമ്പിൽ ടി.ജെ. ജോസഫ് (7.17 മീറ്രർ), പെൺകുട്ടികളുടെ 400 മീറ്രർ ഹർഡിൽസിൽ ആർ.കെ ആദിത്യ (1 മിനിട്ട് 03.58 സെക്കൻഡ്), ക്രോസ് കൺട്രിയിൽ കെ.പി സനിക (13 മിനിട്ട് 13.96 സെക്കൻഡ്) എന്നിവരാണ് ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ വെങ്കലത്തിളക്കമുണ്ടാക്കിയത്.
ഇന്ന് ആറ് ഫൈനലുകൾ
4 റിലേകളും രണ്ട് 800 മീറ്രർ മത്സരങ്ങളുമുൾപ്പടെ ഇന്ന് 6 ഫൈനലുകളാണുള്ളത്. ഏറെ പ്രതീക്ഷയുള്ള ഈ ഇനങ്ങളിൽ മുന്നേറ്രം നടത്തി ഓവറാൾ കിരീടം സ്വന്തമാക്കാമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.