ഭഗവാൻ ശ്രീനാരായണഗുരു കല്പിച്ചനുഗ്രഹിച്ച ശിവഗിരി തീർത്ഥാടനം 87-ാമത് വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്രയും വർഷങ്ങൾ പിന്നിടുമ്പോൾ നവീനമായ ഒരു തീർത്ഥാടന ആശയം അവതരിപ്പിച്ച മഹാഗുരുവിന്റെ ദർശനത്തെ നാം എത്രമാത്രം ഉൾക്കൊള്ളുന്നു എന്ന് കൂടിയുള്ള വിലയിരുത്തലാണ് ഈ തീർത്ഥാടനം. ഓരോ വർഷവും തീർത്ഥാടന ലക്ഷ്യങ്ങളെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് ശിവഗിരി മഠം. എട്ട് വിഷയങ്ങളാണല്ലോ തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരു നമുക്ക് നൽകിയിരിക്കുന്നത്.
ശുചിത്വത്തിനും കൃഷിക്കും കൂടുതൽ ഊന്നൽ
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം. ഇതിൽ ശുചിത്വത്തിനും കൃഷിക്കുമാണ് ഇപ്രാവശ്യം കൂടുതൽ ഊന്നൽ നൽകുന്നത്. ഗ്രീൻ പ്രോട്ടോകോൾ ഗവൺമെന്റുകളും പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണിപ്പോൾ. 87 വർഷം മുമ്പ് ഗുരു ഇത് വളരെ വ്യക്തമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു. നാമെല്ലാവരും ആ വാണികളെ അവഗണിച്ചു. അതിന്റെ ദുരന്തഫലമാണ് നാം അനുഭവിക്കുന്നത്.
'ഗതംഗതം സർവം ഉപേക്ഷണീയം
ആയതം ആയതം അനുപേക്ഷണീയം"
എന്ന് ഒരു പ്രമാണമുണ്ട്. പോയതിനെപ്പറ്റി ആലോചിച്ച് തലപുണ്ണാക്കേണ്ട. ഇപ്പോൾ നമ്മുടെ മുൻപിൻ വരുന്നതിനെ ഭംഗിയായി കൈകാര്യം ചെയ്യുക. പ്രത്യേകിച്ച് ശിവഗിരി തീർത്ഥാടനത്തിന് വ്രതശുദ്ധിയോടെ വരുന്ന ഗുരുഭക്തരും മറ്റും ഒരു കാരണവശാലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ട് വന്ന് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. ശിവഗിരി മഠവും പരിസരവും കൂടാതെ തീർത്ഥാടകർ കടന്നു വരുന്ന വഴികളെല്ലാം ഈ രീതിയിൽ ശുദ്ധമായിരിക്കണമെന്ന് ഓരോരുത്തരും തീരുമാനിക്കുക. ലക്ഷക്കണക്കിന് വരുന്ന തീർത്ഥാടകർ സ്വയം നിയന്ത്രിച്ച് വേണം ഈ പുണ്യകർമ്മത്തിൽ പങ്കെടുക്കാൻ. ശിവഗിരിമഠം അതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു. സന്നദ്ധ സേവകരുടെ സഹായവും ഈ സന്ദർഭത്തിൽ മഠം ആഗ്രഹിക്കുന്നു. സേവനം ചെയ്യാൻ താത്പര്യമുള്ളവർ മഠവുമായി നേരത്തേ ബന്ധപ്പെടേണ്ടതാണ്.
പീതാംബരധാരികൾ
തീർത്ഥാടകർ മൂന്ന് ദിവസം ഗുരുവിന്റെ കല്പന പ്രകാരം പീതാംബരധാരികളായിരിക്കണം. 10 ദിവസത്തെ പഞ്ചശുദ്ധീവ്രതം ഉണ്ടായിരിക്കണം. ഓരോരുത്തരുടെയും ഹൃദയത്തിലും ചുണ്ടിലും ഓം ശ്രീനാരായണ പരമഗുരവേ നമഃ എന്ന പാവന മന്ത്രം ഉണ്ടാകണം. ഈ സംസാര സമുദ്രത്തിൽ നിന്നും (ദുഃഖമയമായ ലോകത്തിൽ നിന്നും) കരകയറാനുള്ള ദിവ്യമായ മന്ത്രമാണെന്ന് മറന്ന് പോകാതിരിക്കുക. അദൃശ്യനായ ഈശ്വരൻ അതായത്, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ച് പോരുന്ന ശക്തി, സ്വന്തം ഇച്ഛാപ്രകാരം രൂപമെടുത്ത് പതിതരെ ഉദ്ധരിക്കാൻ വേണ്ടി തന്റെ ആയുസും വപുസും ആത്മതപസും ബലിയർപ്പിച്ചത് നമുക്ക് ഓരോരുത്തർക്കും വേണ്ടിയായിരുന്നു എന്നത് മറക്കാതിരിക്കുക. ലക്ഷക്കണക്കിന് വരുന്ന ഭക്തർക്ക് വേണ്ടി ഗുരുപൂജാപ്രസാദവും അന്നദാനവും വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥയും ചെയ്തിട്ടുണ്ട്. ഈ മഹത്തായ കർമ്മത്തിൽ പങ്കെടുക്കാനുള്ള സൗകര്യവും ഉണ്ട്. അന്നദാനം മഹാദാനമെന്ന സങ്കൽപ്പത്തിൽ നാം ചെയ്യുന്ന ദാനം നമ്മുടെ സന്തതി പരമ്പരകൾക്കും പുണ്യദായകമാണ്.
ദാനം സ്വീകരിക്കും
ശിവഗിരി മഠത്തിൽ നിങ്ങളുടെ ദാനം സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗുരുപൂജ, പുഷ്പാഞ്ജലി, ശാരദാപൂജ, ശാന്തിഹോമം,അരവണ പ്രസാദം, പുതുവത്സര പൂജ, പ്രതിഷ്ഠാവാർഷിക പൂജ എന്നിവയിൽ പങ്കെടുക്കാനും അതിനുള്ള കൂപ്പണുകൾ മഠത്തിൽ പ്രവർത്തിക്കുന്ന കൗണ്ടറുകളിൽ നിന്നും ലഭ്യമാണ്. ഭക്തർക്ക് തങ്ങുന്നതിനും ശരീരശുദ്ധി വരുത്തുന്നതിനും ശിവഗിരിക്ക് ചുറ്റുമുള്ള വിവിധ സ്കൂളുകൾ, എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുദേവൻ സ്നാനം ചെയ്ത കുഴൽ വെള്ളത്തിൽ ഭക്തർക്ക് സ്നാനം ചെയ്യാനും സൗകര്യമുണ്ട്.
ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ എട്ട് വിഷയങ്ങളെ സംബന്ധിച്ച് പ്രഗത്ഭർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്രാവശ്യം നമ്മുടെ വിശിഷ്ടാതിഥിയായി തീർത്ഥാടന ഉദ്ഘാടനം നിർവഹിക്കാൻ എത്തിച്ചേരുന്നത് ഭാരതത്തിന്റെ ഉപരാഷ്ട്രപതിയാണ്. ശ്രീനാരായണ ഗുരുദേവന്റെ ജാതി ഭേദം മതദ്വേഷം എന്ന അദ്വൈതസൂക്തം ഇന്ത്യൻ പാർലമെന്റിൽ രാഷ്ട്രപതി ഉദ്ധരിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അതിനെ വിശദീകരിച്ച് സംസാരിച്ചത് പ്രിയപ്പെട്ട ഉപരാഷ്ട്രപതിയായിരുന്നു എന്ന് നാം ഓർക്കണം. അങ്ങനെ നവീന ആശയങ്ങൾ കൊണ്ട് സമ്പന്നമായ വ്യക്തികൾ പങ്കെടുക്കുന്ന തീർത്ഥാടന സമ്മേളനങ്ങൾ, ഭക്തജനങ്ങൾ, തീർത്ഥാടകർ കുറച്ചെങ്കിലും അവിടെ ഇരുന്ന് കേട്ട് മനസിലാക്കി വേണം തിരിച്ച് പോകാൻ. കൂടാതെ ശിവഗിരി മഠത്തിന്റെ ശിവഗിരി ടി.വി. എന്ന യൂടൂബ് ചാനൽ ഈ മൂന്ന് ദിവസവും 24 മണിക്കൂറും ലൈവായി പ്രവർത്തിക്കുന്നുണ്ട്. ലോകത്തുള്ള ആർക്കും എവിടെയിരുന്നും ശിവഗിരിയിൽ നടക്കുന്ന പരിപാടികൾ തത്സമയം കാണാനുള്ള അവസരവും മഠം ഒരുക്കിയിട്ടുണ്ട്. കൂടാതെ ജീവരാശിയുടെ നട്ടെല്ലാണ് കൃഷി എന്ന ഗുരുവാണി പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ഒരു കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. തീർത്ഥാടനത്തിന് ഒരു സെമിനാർ ഇതിന് വേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖരായ കൃഷി ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഈ അവസരത്തെ തീർത്ഥാടകർ പരമാവധി ഉപയോഗപ്പെടുത്തുക. ശിവഗിരി മഠത്തിന്റെ, ഗുരുവിന്റെ ആശയങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ കേരളകൗമുദിയും കൗമുദി ചാനലും വലിയ ജനസേവനമാണ് ചെയ്യുന്നത്.
ശിവഗിരി തീർത്ഥാടകർ സന്ദർശിക്കുന്ന മറ്റ് പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളായ ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഠം, അരുവിപ്പുറം ക്ഷേത്രം, മഠം , മരുത്വാമല എന്നിവിടങ്ങളിലും വേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരുടെയും ഭക്തരുടെയും സഹായവും സഹകരണവും ക്ഷമയും പരമാവധി ഉണ്ടാകണമെന്ന് താത്പര്യപ്പെടുന്നു.
(ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)