bengal-

കൊൽക്കത്ത:പൗരത്വ ഭേദഗതി ബില്ലിനെതിരെ അക്രമങ്ങളും പ്രതിഷേധവും ആളിക്കത്തുന്ന പശ്ചിമബംഗാളിൽ പ്രക്ഷോഭകർ ഇന്നലെ ഒരു റെയിൽവേ സ്റ്റേഷനും ആളില്ലാത്ത അഞ്ച് ട്രെയിനുകളും നിരവധി കടകളും ബസുകളും പൊലീസ് വാഹനങ്ങളും കത്തിച്ചു.

ഹൗറയിലെ സാങ്ക്രയിൽ നൂറുകണക്കിന് പ്രക്ഷോഭകരാണ് റെയിൽവേസ്റ്റേഷൻ കെട്ടിടത്തിന് തീയിട്ടത്. മുർഷിദാബാദിലെ ലാൽഗോള റെയിൽവേസ് റ്റേഷനിൽ ആളില്ലാത്ത അഞ്ച് ട്രെയിനുകൾക്ക് തീയിട്ടു.

മൂർഷിദാബാദ്, ഹൗറ, നോർത്ത് 24 പർഗാനാസ് ജില്ല എന്നിവിടങ്ങളിൽ പ്രതിഷേധം ആളിക്കത്തി. ഹൗറയിലെ ബാഗ്‌നാനിൽ 20 കടകൾക്ക് തീയിട്ടു. മുർഷിദാബാദ്, ഹൗറ ജില്ലകളിലെ നിരവധി സ്റ്റേഷനുകളിൽ പ്രക്ഷോഭകർ ട്രെയിനുകൾ തടസപ്പെടുത്തി. ബംഗാളിന്റെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 34 ഉപരോധിച്ചു. മറ്റ് നിരവധി റോഡുകളും തടഞ്ഞു. അക്രമങ്ങൾ നിയന്ത്രിക്കാൻ ഹൗറയിൽ റാപ്പിഡ് ആക്‌ഷൻ ഫോഴ്സിനെ നിയോഗിച്ചു.

സംസ്ഥാന സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്നും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി മമതാബാനർജി അഭ്യർത്ഥിച്ചു.

‘റോഡും ട്രെയിനും തടയരുത്. സാധാരണക്കാരെ ഉപദ്രവിക്കുന്നത് അനുവദിക്കില്ല. നിയമം കൈയിലെടുക്കുന്നവരോട് ദയകാണിക്കില്ല. – മമത

 ഇന്ത്യയിലേക്കുള്ള യാത്ര വിലക്കി ലോകരാജ്യങ്ങൾ

പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭവും അക്രമങ്ങളും കാരണം ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ അമേരിക്ക, ബ്രിട്ടൻ, ഇസ്രയേൽ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്കു മുന്നറിയിപ്പു നൽകി.