news

പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധം ഇരമ്പുന്നു.
1. പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല അടുത്ത മാസം അഞ്ച് വരെ അടച്ചു. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റര്‍ പരീക്ഷകളും മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടിയിരുന്നു.




2. അതേസമയം, അസമിലെ സംഘര്‍ഷത്തില്‍ 10 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് പതിനാറാം തിയതി വരെ നീട്ടി. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കി. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ജില്ലാ ഭരണകൂടം കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയത്. ഷില്ലോങിലും കര്‍ഫ്യൂവില്‍ ഇളവ്. രാത്രി 10 മണി വരെയാണ് ഇളവ് നല്‍കിയത്. ബുധനാഴ്ച പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ആണ് ഗുവാഹാട്ടിയിലും അസമിലെ മറ്റ് പ്രദേശങ്ങളിലും പ്രതിഷേധം രൂക്ഷമായത്.
3.അതിനിടെ, പൗരത്വ നിയമ ഭേദഗതികള്‍ക്ക് എതിരായ ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോസ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറുകയും ചെയ്ത പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മുസ്ലീംലീഗും, കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഹര്‍ജി നല്‍കിയിരുന്നു.
4. മുന്‍ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അവധിക്ക് അപേക്ഷ നല്‍കി. മൂന്നു മാസത്തെ അവധി അപേക്ഷ ആണ് ചീഫ് സെക്രട്ടറിക്ക് സിന്‍ഹ നല്‍കിയത്. സിന്‍ഹയുടെ മോശം പെരുമാറ്റത്തെ കുറിച്ച് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആണ് രാജി. കഴിഞ്ഞ ദിവസം പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. യുവ ഐ.എ.എസ് ഉദ്യോഗസ്ഥരോട് ബിശ്വനാഥ് മോശമായി പെരുമാറി എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
5. ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്.എം.എസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐ.എ.എസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പങ്കുവച്ചിരുന്നു. രണ്ട് വനിത ഐ.എ.എസ് ട്രെയിനികളോട് മോശമായി പെരുമാറി എന്നും അവരുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി എന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
6. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗന്ധി എന്നാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ താന്‍ മാപ്പു പറയേണ്ട കാര്യമില്ല. മോദി രാജ്യത്തോട് മാപ്പ് പറയണം എന്നും രാഹുല്‍ ഗന്ധി. സമ്പദ് വ്യവസ്ഥയില്‍ മോദി ഏല്‍പ്പിച്ച പ്രഹരം ഇന്നും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ ഭരണഘടന തര്‍ക്കാന്‍ ശത്രുക്കളല്ല മോദിയാണ് ശ്രമിക്കുന്നത്. കാശ്മീരും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും കത്തുകയാണ്. അധികാരത്തില്‍ തുടരാന്‍ മോദി എന്തും ചെയ്യും എന്ന അവസ്ഥയാണ്. രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ചൈനയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ഭാരത് ബച്ചാവോ മഹാറാലില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
7. കേന്ദ്ര സര്‍ക്കാരിന് എതിരെ സംഘടിക്കാന്‍ ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി. സര്‍ക്കാരിന് എതിരെ ഐക്യത്തോടെ നില്‍ക്കണം എന്നും ഇപ്പോള്‍ അതു ചെയ്തില്ലെങ്കില്‍ അംബേദ്കര്‍ നിര്‍മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്ത് എറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇന്ത്യ ബച്ചാവോ റാലയില്‍ പ്രസംഗിക്കുക ആയിരുന്നു പ്രിയങ്ക ഗാന്ധി.
8. പാലാരിവട്ടം പാലത്തില്‍ ഭാര പരിശോധന നടത്തണം എന്ന ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍. ഭാര പരിശോധന നടത്താന്‍ നിര്‍ദ്ദശിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് എതിരെ സര്‍ക്കാര്‍ പുന പരിശോധന ഹര്‍ജി നല്‍കി. മൂന്ന് മാസത്തിനകം പാലത്തിന്റെ ഭാര പരിശോധന നടത്തണം എന്നായിരുന്നു ഉത്തരവ്. എന്നാല്‍ വിദഗ്ദ പരിശോധനയില്‍ പാലത്തിന് സാരമായ ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയിട്ട് ഉണ്ടെന്നും ഈ സാഹചര്യത്തില്‍ ഭാര പരിശോധന വേണ്ടെന്നും ആണ് സര്‍ക്കാര്‍ നിലപാട്.
9. അവശ്യ മരുന്നുകളുടെ വില 50 ശതമാനം വരെ വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ആന്റിബയോട്ടിക്കുകള്‍, അലര്‍ജിക്കും മലേറിയക്കും എതിരെയുള്ള മരുന്നുകള്‍, ബിസിജി വാക്സിന്‍, വിറ്റാമിന്‍ സി എന്നിവ ഉള്‍പ്പെടെ 21 മരുന്നുകള്‍ക്ക് ആണ് വില വര്‍ധിപ്പിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അനുമതി നല്‍കിയത്. ആദ്യമായാണ് ഒറ്റയടിക്ക് 50 ശതമാനം വില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാകും.
10. സംസ്ഥാനത്തെ സിനിമ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ കുത്തനെ ഉയരും. വിവിധ ക്ലാസുകളില്‍ ആയി 10 മുതല്‍ 30 രൂപവരെ ആണ് വര്‍ധിക്കുന്നത്. നിലവില്‍ ടിക്കറ്റിന് മേല്‍ ഉള്ള ജി.എസ്.ടി ,ക്ഷേമ നിധി എന്നിവയ്ക്ക് പുറമേ പുതിയ വിനോദ നികുതിയും ഏര്‍പ്പെടുത്താന്‍ ഉള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത്. പ്രതിഷേധവും ആയി തീയേറ്റര്‍ സംഘടനകള്‍ രംഗത്ത് എത്തിയിരുന്ന് എങ്കിലും ഒടുവില്‍ സര്‍ക്കാര്‍ തീരുമാനത്തിന് സംഘടനകള്‍ വഴങ്ങുക ആയിരുന്നു.
11. ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് ട്രിപ്പിള്‍ സ്വര്‍ണം. ലോംഗ് ജംപില്‍ മീറ്റ് റെക്കോര്‍ഡോടെ ആന്‍സി സ്വര്‍ണം നേടി. 18 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ആന്‍സി തകര്‍ത്തത്. 100, 200 മീറ്ററുകളിലും ആന്‍സി സ്വര്‍ണം നേടിയിരുന്നു. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍ ആരതിയും ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ രോഹിത്തും സ്വര്‍ണം നേടി.