ശ്രീനഗർ: പഴയ ജമ്മുകാശ്‌മീരിലെ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കൽ മൂന്നു മാസം കൂടി നീട്ടി. പൊതുസുരക്ഷാ നിയമപ്രകാരമാണിത്. അഞ്ച് തവണ എം. പിയും മുന്നു തവണ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കാശമീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ആഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിലാണ്. സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലാണ് അദ്ദേഹം. നിലവിൽ ലോക്‌സഭാംഗമായ അദ്ദേഹത്തെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല.
ഫറൂഖ് അബ്ദുള്ളയുടെ പിതാവ് ഷേക്ക് അബ്ദുള്ളയാണ് 1978 ൽ പൊതുസുരക്ഷാ നിയമം കൊണ്ടുവന്നത്. ഇതുപ്രകാരം വിചാരണ കൂടാത ഒരാളെ മൂന്നു മുതൽ രണ്ട് വർഷം വരെ ജയിലിൽ പാർപ്പിക്കാം. ഭീകരർക്കും വിഘടനവാദികൾക്കും എതിരെ പ്രയോഗിക്കുന്ന നിയമം
ആദ്യമായാണ് ഒരു മുഖ്യധാരാ രാഷ്ട്രീയ നേതാവിനെതിരെ ഉപയോഗിക്കുന്നത്.
ഫറൂഖ് അബ്ദുള്ളയുടെ മകനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി എന്നിവരടക്കം നിരവധി രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലാണ്.