citizenshipbill-

വാഷിംഗ്ടൺ: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം നടക്കുന്നതിനാൽ ഇന്ത്യയിലേക്ക് പോകുന്ന പൗരൻമാർ ജാ​ഗ്രത പാലിക്കണമെന്ന് വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി. അസാമിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കാനഡയും സിം​ഗപ്പൂരും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട അസമിലേക്കുള്ള സന്ദർശനത്തിന് യു.എസ് സർക്കാർ താത്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അക്രമ സാദ്ധ്യത നിലനിൽക്കുന്ന പ്രദേശത്തേക്ക് സന്ദർശനം നടത്തരുതെന്ന് ഡൽഹിയിലെ യു.എസ് എംബസിയും പൗരൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശനിയാഴ്‍ചയാണ് യുകെ, ഇസ്രായേൽ, കാനഡ, സിം​ഗപ്പൂർ എംബസികൾ പൗരൻമാർക്ക് യാത്രാ മാർഗനിർദേശം പുറത്തിറക്കിയത്. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പൂർ, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പോകരുതെന്നാണ് പ്രസ്‍താവനയിൽ പറയുന്നത്.

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ലോകരാജ്യങ്ങൾ അടിയന്തരമായി യാത്ര മാർ​ഗനിർ​ദ്ദേശങ്ങൾ പുറത്തിറക്കിയത്.

1955-ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്ന പുതിയ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നത്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പൗരത്വ ഭേ​​ദ​ഗതി നിയമം. മുൻപ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വർഷമായി ചുരുക്കി.