rahul-gandhi

ന്യൂഡൽഹി: റേപ്പ് ഇൻ ഇന്ത്യ പരമർശത്തിൽ മാപ്പ് പറയില്ലെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി രംഗത്ത്. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്നാണ് രാഹുൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തെത്തി. രാഹുൽ ഗാന്ധി സവർക്കറല്ല ജിന്നയാണെന്നാണ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞത്. രാഹുൽഗാന്ധി നാണക്കേടില്ലായ്മയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന് പുതിയ പേര് വേണം എന്നാണെങ്കിൽ തങ്ങൾ 'രാഹുൽ തോഡാ ശരംകർ' ( രാഹുല്‍ കുറച്ചെങ്കിലും നാണം തോന്നൂ) എന്ന് നൽകാമെന്ന് സാംപിത് പാത്ര മറുപടി നൽകി.

രാഹുൽ ഗാന്ധി മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. നൂറ് ജന്മം എടുത്താലും രാഹുൽ ഗാന്ധിക്ക് രാഹുൽ സവർക്കറാകാൻ കഴിയില്ലെന്നും സാംബിത് പാത്ര പറഞ്ഞു. ജീവത്യാഗം ചെയ്ത വീരനായ ദേശഭക്തനാണ് സവർക്കർ. കശ്മീര്‍ വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലുമടക്കം രാഹുലിന് പാകിസ്ഥാന്റെ ഭാഷയാണെന്നും രാഹുലിന് ഒരിക്കല്‍ 'വീര്‍' ആകാന്‍ സാധിക്കില്ലെന്നും സാംപിത് പാത്ര പറഞ്ഞു.

അതേസമയംവിനായക് ദാമോദർ സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയും കോൺഗ്രസിന്റെ സഖ്യകക്ഷിയുമായ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നാണ് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പ്രതികരിച്ചിരിക്കുന്നത്. 'മാപ്പ് പറഞ്ഞ ഭീരു' എന്ന മട്ടിലാണ് രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് പരാമർശിച്ചതെന്നും മാളവ്യ പറയുന്നു. ട്വിറ്റർ വഴിയാണ് മാളവ്യ രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിച്ചിരിക്കുന്നത്.