ന്യൂഡൽഹി : ഡൽഹിയിൽ നടന്ന കോൺഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി വക്താവ് ജി.വി.എൽ. നരസിംഹ റാവു. രാഹുൽ ഗാന്ധി എന്നതിന് പകരം രാഹുൽ ജിന്ന എന്ന പേരാണ് അദ്ദേഹത്തിന് കൂടുതൽ ചേരുന്നതെന്ന് റാവു പറഞ്ഞു.
'' രാഹുൽ ഗാന്ധിക്ക് കൂടുതൽ ചേരുന്ന പേര് രാഹുൽ ജിന്നയാണ്. നിങ്ങളുടെ മുസ്ലീം പ്രീണന രാഷ്ട്രീയവും മാനസികാവസ്ഥയും നിങ്ങളെ മുഹമ്മദ് അലി ജിന്നയുടെ പ്രതിനിധിയാണ് ആക്കുന്നത്, സവർക്കറുടേതല്ല. '' ജി.വി.എൽ നരസിംഹ റാവു ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ നടത്തിയ റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ മാപ്പുപറയാൻ താൻ രാഹുൽ സവർക്കറല്ല രാഹുൽ ഗാന്ധിയാണെന്നും സത്യം പറഞ്ഞതിന് താൻ ഒരിക്കലും മാപ്പുപറയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.