മുംബയ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സവർക്കാർ പ്രസ്താവനയ്ക്കെതിരെ ശിവസേന. സവർക്കർ മഹാനായ നേതാവാണെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. സവർക്കറെ ദൈവതുല്യമായി കാണുന്നുവെന്നും മഹാത്മാ ഗാന്ധിയേയും പണ്ഡിറ്റ് നെഹ്റുവിനേയും പോലെ ബഹുമാനിക്കുന്നുവെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയണമെന്ന ആവശ്യപ്പെടുന്ന ബി.ജെ.പി നേതാക്കൾക്കുള്ള മറുപടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയും കോൺഗ്രസിന്റെ സഖ്യകക്ഷിയുമായ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നാണ് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ നേരത്തെ പ്രതികരിച്ചിരുന്നു.