കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമം തുടരുന്നു. പ്രക്ഷോഭകാരികൾ ഇന്നും ഒരു റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി. മുർഷിദാബാദിൽ അഞ്ച് ട്രെയിനുകൾ കത്തിച്ചു. സംഘർഷത്തെതുടർന്ന് ജനങ്ങളോട് സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി അഭ്യർത്ഥിച്ചു.
ജനങ്ങൾ നിയമം കൈയിലെടുക്കരുത്. പൊതുമുതൽ നശിപ്പിക്കരുതെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മമത പറഞ്ഞു. അതേസമയം പൗരത്വ ബില്ലിനെയും മമത എതിർത്തു. പ്രക്ഷോഭകാരികൾ പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. 15 ബസുകളും പൊലീസ് വാനുകളും ജീപ്പുകളും അഗ്നിക്കിരയാക്കി. വെള്ളിയാഴ്ചയും പ്രതിഷേധക്കാർ മുർഷിദാബാദിൽ റെയിൽവേ സ്റ്റേഷൻ കത്തിച്ചിരുന്നു. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെയും പ്രക്ഷോഭകാരികൾ മർദ്ദിക്കുകയും ചെയ്തിരുന്നു.