muralidharan

തൃശൂർ: നിലവിലെ ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്നതൊന്നും പൗരത്വഭേദഗതി നിയമത്തിൽ ഇല്ലെന്നും ഇതേച്ചൊല്ലിയുള്ള ആശങ്കകൾ അസ്ഥാനത്താണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാദ്ധ്യമ പ്രവർത്തക ആദര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വഭേദഗതി നിയമത്തെ തുടർന്ന് അസാമിലുണ്ടായ പ്രക്ഷോഭത്തെ പർവതീകരിച്ചു കാണിക്കുകയാണ്. മറ്റു രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ മതവിഭാഗങ്ങൾ അഭയാർത്ഥികളായെത്തിയാൽ സംരക്ഷിക്കുകയെന്നതു മാത്രമാണ് പൗരത്വ നിയമത്തിന്റെ ലക്ഷ്യം. 2014ൽ പ്രതിപക്ഷ നേതാവായിരുന്ന മൻമോഹൻ സിംഗാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് സി.പി.എം സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടും കത്തയച്ചിട്ടുണ്ട്. പൗരത്വം നൽകുന്നതു സംബന്ധിച്ച് ചുമതല കേന്ദ്ര സർക്കാരിനാണെന്നും മുരളീധരൻ പറഞ്ഞു.

ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘശക്തികൾ തുടക്കം മുതൽ മുന്നോട്ടു വച്ച മുദ്രാവാക്യങ്ങളിൽ നിന്ന് യാതൊരു മാറ്റവും പൗരത്വബില്ലെന്ന ആശയത്തിനില്ലെന്ന് അദ്ധ്യക്ഷത വഹിച്ച ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു.

സമ്മേളന പരിപാടികൾ തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തനം തൊഴിൽ എന്നതിനപ്പുറം സമൂഹത്തിന്റെ ചാലകശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മന്ത്രി വി.എസ്. സുനിൽകുമാറും പ്രതിസന്ധികളെ പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് മാദ്ധ്യമങ്ങളുടെ കടമയെന്ന് മന്ത്രി സി. രവീന്ദ്രനാഥും പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അദ്ധ്യക്ഷനായിരുന്നു. മേയർ അജിത വിജയൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ, കെ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി സി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

പൗരത്വഭേദഗതി ബില്ലിൽ സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ല: കേന്ദ്രമന്ത്രി മുരളീധരൻ
തൃശൂർ: പൗരത്വഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പൂർണമായും കേന്ദ്രത്തിന്റെ അധികാരമാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേരളം അത്‌ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായത്തിനും പ്രതിഷേധത്തിനും സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. അതെല്ലാം പറയുന്നതിൽ ഒരു വിരോധവുമില്ല. ഭീതിയുണ്ടെന്ന് പറയുന്നതും നടപ്പാക്കില്ലെന്ന് പറയുന്നതും തമ്മിൽ ചേർന്നുപോകുന്നതല്ല. അതിൽ തന്നെ ഭീതിയില്ലെന്ന് വ്യക്തമാണ്. പാർലമെന്റിൽ ബി.ജെ.പിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചാണ്. പുറത്തും അവർ ഒന്നിച്ചുവരണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം. പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. യു.എൻ ആശങ്ക അറിയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് തന്റെ അറിവിൽ ലഭിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.