ഛണ്ഡീഗഢ്: ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് മതിയായ പരിഗണന നൽകാത്ത രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്തി മുൻ കരസേനാ മേധാവി ജനറൽ വി.പി മാലിക്ക്. രാജ്യത്തിന്റെ ദേശീയ സുരക്ഷ ഇപ്പോഴും ദുർബലമാണ്, കാർഗിൽ യുദ്ധത്തിൽനിന്ന് ഉചിതമായ ഒരു പാഠവും രാജ്യം പഠിച്ചിട്ടില്ലെന്നും വി.പി മാലിക്ക് പറഞ്ഞു. ഛണ്ഡീഗഢിൽ നടന്ന സൈനിക സാഹിത്യോത്സവത്തിൽ 'മേക്ക് ഇൻ ഇന്ത്യയും ദേശീയ സുരക്ഷയും'' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' കാർഗിൽ യുദ്ധ സമയത്ത് വാങ്ങിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾക്കും ആയുധങ്ങൾക്കും ചില വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് അമിത നിരക്ക് ഈടാക്കി. ഒരു ചിത്രത്തിന് 36000 രൂപ നൽകി. എന്നാൽ അവയെല്ലാം മൂന്ന് വർഷത്തോളം പഴയ ചിത്രങ്ങളായിരുന്നു. യുദ്ധ സമയത്തെ അടിയന്തര ആവശ്യമായതിനാൽ വിദേശ രാജ്യങ്ങൾ ഇന്ത്യയെ പരമാവധി ചൂഷണം ചെയ്തു. കുറച്ച് തോക്കുകൾക്കായി ഒരു രാജ്യത്തെ സമീപിച്ചപ്പോൾ എത്തിക്കാമെന്ന് അവർ ഉറപ്പുനൽകി. എന്നാൽ അയച്ച ആയുധങ്ങളെല്ലാം പഴക്കമേറിയവയായിരുന്നു. വെടിമരുന്നിനായി മറ്റൊരു രാജ്യത്തെ സമീപിച്ചപ്പോഴും സമാനമായ സാഹചര്യമായിരുന്നു. 1970 കാലഘട്ടത്തെ വെടിമരുന്നാണ് അവരിൽ നിന്ന് ലഭിച്ചത്.' -മാലിക്ക് പറഞ്ഞു.
സൈനിക ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ ഇന്ത്യ ഇപ്പോഴും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ആയുധങ്ങൾ കൈമാറുന്നതിൽ പൊതുമേഖല യൂണിറ്റുകളുടെ പരാജയമാണ് ഇതിനുള്ള കാരണം. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ രാജ്യം തദ്ദേശീയമായ നിർമാണ പ്രവർത്തങ്ങൾക്ക് പ്രധാന്യം നൽകണം.സൈനിക ഉപകരണങ്ങൾ നിർമിക്കാൻ പൊതുമേഖല യൂണിറ്റുകൾക്ക് കൂടുതൽ പ്രധാന്യം ആവശ്യമാണെന്നും വി.പി മാലിക്ക് പറഞ്ഞു.