crime

ലക്നൗ: ഉന്നാവോ യുവതി മരിച്ചതിന്റെ നടുക്കം മാറും മുമ്പ് ഉത്തർപ്രദേശിൽ വീണ്ടും പെൺകുട്ടിയെ മാനഭംഗം ചെയ്ത് തീ കൊളുത്തി. ബന്ധുവായ 22 കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ 18 കാരിയെ അതീവ ഗുരുതരാവസ്ഥയിൽ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫത്തേപുർ ജില്ലയിലെ ഹുസൈൻഹജ്ജിലാണ് സംഭവം.

പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും ഓക്സിജന്റെ സഹായത്താലാണ് ജീവൻ നിലനിറുത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഫത്തേപുർ ജില്ലാ മജിസ്ട്രേട്ടും പൊലീസ് മേധാവിയും പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. പ്രതിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.

വീട്ടിൽ ഒറ്റയ്ക്കായിരുന്ന തന്നെ പീഡിപ്പിച്ചതായും പീഡന വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നെന്നും ആശുപത്രിയിലേക്ക് പോകുന്നവഴി പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്.

സമീപവാസിയും ബന്ധുവുമായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്നും വിവാഹ കാര്യം ചർച്ചചെയ്യാൻ നാട്ടുപഞ്ചായത്ത് കൂടിയ സമയത്താണ് തീ കൊളുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പീഡനവിവരം പുറത്തുപറഞ്ഞ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ആഘാദത്തിൽനിന്നും ജനം കരകയറും മുൻപാണ് വീണ്ടും യുവതിയെ പീഡപ്പിച്ച് തീ കൊളുത്തുന്നത്.