modi

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലിന്മേലുള്ള പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയായി ഡൽഹിയിലെ സർവെ ഫലങ്ങൾ. നിഷ്പ്രയാസം ജയിച്ചു ഭരണത്തിലേറാമെന്ന് കരുതിയ ബി.ജെ.പിക്ക് കനത്ത ആഘാതമാണ് സർവെ ഫലങ്ങൾ നൽകിയത്. ഡൽഹിയിലെ 2298 വോട്ടർമാർക്കിടയിൽ നടത്തിയ സർവ്വേ ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്‍റര്‍ ഫോർ ദ സ്റ്റഡി ഒഫ് ഡെവലപിങ് സൊസൈറ്റീസ് ആണ് സർവെ നടത്തിയത്.

ആംആദ്മി പർട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും വലിയ പിന്തുണയാണ് ഡൽഹിയെ വോട്ടർമാർ നൽകിയിരിക്കുന്നത്. മാത്രമല്ല അധികാരത്തിലെത്തിയ ശേഷം ആം ആദ്മി പാർട്ടിയിലുണ്ടായ പൊട്ടിത്തെറികൾ ജനങ്ങളെ ബാധിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എ.എ.പി സർക്കാർ അധികാരത്തിത്തിൽ നിന്ന് മാറേണ്ട ആവശ്യമില്ലെന്നാണ് ഭൂരിപക്ഷം വോട്ടർന്മാരും പറയുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്താൻ വോട്ടർമാർക്ക് താൽപര്യമില്ലെന്നും സർവെ ഫലത്തിൽ നിന്ന് വ്യക്തമാകുന്നു.

സർവെയിൽ പങ്കെടുത്ത അഞ്ചിൽ നാല് ഭാഗം പേരും ആംആദ്മി ഭരണത്തിൽ തൃപ്തരാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ആം ആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിൽ അൻപത്തിമൂന്ന് ശതമാനം ആളുകളും പൂർണ തൃപ്തരാണ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അരവിന്ദ് കെജരിവാളിന്റെ പ്രവർത്തനത്തിൽ സർവ്വേയിൽ​ പങ്കെടുത്ത 66 ശതമാനം ആളുകളും പൂർണ തൃപ്തരാണ്. നാല് ശതമാനം ആളുകളാണ് കെജരിവാളിന്റെ പ്രവർത്തനത്തിൽ നിരാശ രേഖപ്പെടുത്തിയത്.

മോദിയേക്കാൾ കെജ്‍രിവാളിനെ താൽപര്യപ്പെടുന്നത് 42 ശതമാനം വോട്ടർമാരാണ്. അതേസമയം കെജ്‍രിവാളിനേക്കാൾ മോദിയെ താൽപര്യപ്പെടുന്നത് 32 ശതമാനം വോട്ടർമാരാണ്. 23 നിയമസഭാ മണ്ഡലങ്ങളിലും സര്‍വ്വേ പ്രതികരണങ്ങൾ എടുത്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഡൽഹിയിൽ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തലസ്ഥാനം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടിയാണ് പുറത്തുവന്ന സർവെ ഫലങ്ങൾ.