ഗുവാഹത്തി: അസാമിൽ പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രക്ഷോഭത്തിന് തെല്ല് ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്തെ ബി. ജെ. പി സർക്കാരിലും പാർട്ടിയിലും ഭിന്നത ശക്തമാകുന്നു. നിരവധി നേതാക്കൾ പാർട്ടി വിട്ടു. മുതിർന്ന ബി.ജെ.പി നേതാവും അസാം പെട്രോകെമിക്കൽ ലിമിറ്റഡ് ചെയർമാനുമായ ജഗദീഷ് ബുയൻ പാർട്ടി അംഗത്വവും ബോർഡ് സ്ഥാനവും രാജിവച്ചു. 'പൗരത്വനിയമം അസാം ജനതയ്‌ക്കെതിരാണ്. അതുകൊണ്ട് ഞാൻ രാജിവയ്ക്കുന്നു. ഞാനും ജനങ്ങൾക്കൊപ്പം രംഗത്തിറങ്ങും - അദ്ദേഹം പറഞ്ഞു.
പ്രശസ്ത നടനും അസാം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ജതിൻ ബോറ, രവി ശർമ്മ, മുൻ സ്പീക്കർ പുലകേഷ് ബറുവ എന്നിവർ ബി.ജെ.പി വിട്ടു. ജമുഗുരിഹട്ട്, പദ്മ ഹസാരിക മണ്ഡലങ്ങളിലെ ബി.ജെ.പി എം.എൽ.എമാരും രാജിവയ്ക്കുമെന്ന് അറിയിച്ചു.
പൗരത്വ നിയമത്തിലെ ആശങ്കകൾ അടിസ്ഥാനരഹിതമല്ലെന്ന് അസാം സ്പീക്കർ ഹിതേന്ദ്ര നാഥ് ഗോസ്വാമി വ്യക്തമാക്കിയിരുന്നു. അസാം ഗണ പരിഷത്തിലും പ്രവർത്തകരും നേതാക്കളും രാജിവച്ചു. അനധികൃത കുടിയേറ്റത്തിനെതിരെ പോരാടിയാണ് പാർട്ടി വളർന്നത്. അതുകൊണ്ട് ഇപ്പോൾ സർക്കാരിന്റെ ഭാഗമായ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
ആൾ അസാം സ്റ്റുഡന്റ്സ് യൂണിയൻ ( ആസു ) സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
ഗുവാഹത്തിയിൽ കർഫ്യൂ ഇളവ്
പൗരത്വബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കലാപം ശമിക്കുന്നു. അസാമിലെ ഗുവാഹത്തിയിൽ ഇന്നലെ പകലും ദിബ്രുഗഡിൽ ഉച്ച വരെയും കർഫ്യൂ ഇളവ് ചെയ്തു. സ്‌കൂളുകളും ഓഫീസുകളും അടച്ചിട്ടു. ഇന്റർനെറ്റ് ഡിസംബർ 16 വരെ നിറുത്തി. നാല് ദിവസമായി ബന്ദിന്റെ പ്രതീതിയായിരുന്നു. അവശ്യ കേന്ദ്രങ്ങൾ ഇന്നു മുതൽ പ്രവർത്തിച്ചേക്കും. നാഗാലാൻഡിലെ സ്‌കൂളുകളും കോളജുകളും കടകമ്പോളങ്ങളും അടച്ചിട്ടിരിക്കുകയാണ്. അരുണാചൽ പ്രദേശിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി.