ഭാഗ്യ ജേഴ്സി ഇന്നലെയും ആൻസിയെ തുണച്ചു. രണ്ട് വർഷം മുമ്പ് ഭോപ്പാലിൽ 4 സ്വർണം നേടിയപ്പോൾ അണിഞ്ഞ അതേ ജേഴ്സിയണിഞ്ഞാണ് വാർ ഹീറോ സ്റ്രേഡിയത്തിൽ ഇന്നലെ ആൻസി സോജൻ ലോംഗ് ജമ്പിൽ തന്റെ പ്രായമുള്ള റെക്കാഡ് തകർത്തും 200 മീറ്രറിൽ മിന്നൽ ഫിനിഷ് നടത്തിയും സ്വർണം നേടിയത്. തന്റെ അവസാന മീറ്രിനെത്തിയ ആൻസി മത്സരിക്കാനിറങ്ങിയ മൂന്ന് വ്യക്തിഗത ഇനങ്ങളിലും സ്വർണം നേടി. രണ്ടാം ദിനം 100 മീറ്രറിലും സ്വർണം നേടിയ ആൻസി ഇന്ന് 4-100 മീറ്രർ റിലേയിലും മത്സരിക്കാനിറങ്ങും.
200 മീറ്ററിൽ 24.36 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആൻസി ഇന്നലെ സ്വർണ വേട്ടയ്ക്ക് തുടക്കമിട്ടത്. ഉച്ചയ്ക്ക് നടന്ന ലോംഗ്ജമ്പ് ഫൈനലിൽ മഹാരാഷ്ട്രയുടെ രുദ പദ്കർ 2011 സ്ഥാപിച്ച 6.05 മീറ്റർ ദൂരമാണ് ആൻസി പഴങ്കഥയാക്കിയത്. 6.26 മീറ്റർ ചാടിയാണ് ആൻസി റെക്കാഡ് തിരുത്തിയത്. സംസ്ഥാന മീറ്രിലും ഇവിടെ യോഗ്യതാ റൗണ്ടിലും ദേശീയ റെക്കാഡ് മറികടക്കുന്ന പ്രകടനമാണ് ആൻസി പുറത്തെടുത്തത്. ഇന്ന് നടക്കുന്ന റിലേയിലും സ്വർണം നേടിയാൽ ഭോപ്പാൽ ആവർത്തിച്ച് പൊൻതിളക്കത്തിൽ ആൻസിക്ക് സ്കൂൾ മീറ്റിൽ നിന്ന് വിടപറയാം. പിതാവ് സോജനും കോച്ച് കണ്ണനും ആൻസിക്കൊപ്പമുണ്ട്.
ഫൗൾ സ്റ്രാർട്ടിൽ നിന്ന് റെക്കാഡിലേക്ക്
കഴിഞ്ഞ ദിവസം ആൺകുട്ടികളുടെ 400 മീറ്ററിൽ സ്റ്റാർട്ടിംഗ് പിഴവ് കാരണം അയോഗ്യനാക്കപ്പെട്ട ആർ.രോഹിത് ഇന്നലെ 400 മീറ്രർ ഹർഡിൽസിൽ 52.65 സെക്കൻഡിൽ റെക്കാഡ് തിളക്കത്തിൽ ഫിനിഷ് ചെയ്ത് കണക്ക് തീർത്തു.
ജൂനിയറിലെ 100 മീറ്രറിലെ ഹർഡിൽസ് റെക്കാഡും രോഹിതിന്റെ പേരിലാണ്.
കോച്ചിനൊപ്പം ആരതിയുടെ ഓട്ടം
പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 1 മിനിട്ട് 03.23 സെക്കൻഡിലാണ് ആർ. ആരതി സ്വർണത്തിലേക്ക് ഓടിയെത്തിയത്. എറണാകുളം കളമശേരി സ്വദേശിയായ ആരതി കണ്ണൂർ വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് പഠിക്കുന്നത്. പരിശീലിക്കുന്നത് തൃശൂർ വിമല കോളേജിലും. തൃശൂർ വിമല കോളേജിൽ എം.എസ് അനന്തുവാണ് ആരതിയുടെ കോച്ച്. അനന്തുവിന്റെ കീഴിൽ പരിശീലിക്കുന്നതിനാണ് ആരതി അദ്ദേഹം കണ്ണൂരിലെ അക്കാഡമിയിലേക്ക് പോയപ്പോൾ അങ്ങോട്ടും പിന്നീട് തൃശൂരേക്കും വന്നത്.
കാത്തിരുന്ന് സനിക വെങ്കലം നേടി
ക്രോസ് കൺട്രിയിൽ കെ.പി സനിക നേടിയ വെങ്കലത്തിന് പൊന്നിൻ തിളക്കം. ജൂനിയർ വിഭാഗക്കാരിയായ സനിക 4 മുതൽ 8 വരെ നടന്ന മത്സരങ്ങൾക്ക് ശേഷം മറ്ര് താരങ്ങൾ മടങ്ങിയിട്ടും ക്രോസ് കൺട്രിക്കായി സീനിയർ താരങ്ങൾക്കൊപ്പം ഇവിടെ തങ്ങുകയായിരുന്നു.
നാഡ എത്തി
ഒടുവിൽ മീറ്ര് അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ നാഡയെത്തി. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റേഡിയത്തിനടുത്ത് നിന്ന് സിറിഞ്ചും നിരോധിത മരുന്നുകളും കണ്ടെടുത്തിരുന്നു. ഡിസംബർ 4 നാണ് സ്കൂൾ മീറ്ര് തുടങ്ങിയത്.