തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് മീറ്റിൽ ചാമ്പ്യന്മാരായി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് . മൂന്ന് ദിവസമായി യൂിവേഴ്സറ്റി സ്റ്റേഡിയത്തിൽ ഫ്ളഡ്ലിറ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചെമ്പഴന്തി എസ്.എൻ കോളജ് രണ്ടാം സ്ഥാനവും അഞ്ചൽ സെൻറ് ജോൺസ് കോളജ് മൂന്നാം സ്ഥാനവും നേടി. ഇന്നലെ ആൺകുട്ടികളുടെ ഹൈജമ്പിൽ ചെമ്പഴന്തി എസ്.എൻ കോളജിലെ അലൻ ജോസ് മീറ്റ് റെക്കോഡിട്ടു.10 വർഷം മുമ്പ് ചെമ്പഴന്തി എസ്.എന്നിലെ തന്നെ അരുൺ എസ്. കുമാർ സ്ഥാപിച്ച 2.02 മീറ്റർ അലൻ 2.08 മീറ്ററാക്കി ഉയർത്തുകയായിരുന്നു. ചെമ്പഴന്തിയിലെ സി. മുഹമ്മദ് ജസീമിനാണ് ഈയിനത്തിൽ വെള്ളി.
ആൺകുട്ടികളുടെ 100 മീറ്ററിൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിലെ അമൽ പ്രകാശ് സ്വർണം നേടി. 10.75 സെക്കൻറിൽ മത്സരം പൂർത്തിയാക്കിയാണ് ചെമ്പഴന്തി എസ്.എൻ കോളജിലെ സി.അഭിനവിനെ (10.85 സെക്കൻഡ് ) അമൽ രണ്ടാം സ്ഥാനത്താക്കിയത്. പെൺകുട്ടികളുടെ 100 മീറ്ററിൽ മാർ ഇവാനിയോസിന്റെ മൃദുല മരിയ ബാബു സ്വർണവും (12.37 സെക്കൻഡ് )ദേശീയ താരം അപർണ റോയി വെള്ളിയും (13.17) നേടി.
ആൺകുട്ടികളുടെ ട്രിപിൾ ജമ്പിൽ തിരുവനന്തപുരം എം.ജി കോളജിലെ എ. വൈശാഖ് 15.15 മീറ്റർ ചാടി ഒന്നാമതെത്തി. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിലെ ലിന്റോ സാം ചാക്കോക്കാണ് (14.09 മീറ്റർ) ഈ ഇനത്തിൽ വെള്ളി. 400 മീറ്റർ ആൺകുട്ടികളുടെ ഓട്ടത്തിൽ മാർ ഇവാനിയോസ് കോളജിലെ എൻ.എസ് അക്ഷയ് ഒന്നാമതെത്തിയപ്പോൾ ചെമ്പഴന്തി എസ്.എൻ കോളജിലെ വി. മുഹമ്മദ് ഫായിസിന് വെള്ളികൊണ്ട് തൃപ്തിപ്പേടേണ്ടിവന്നു. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിസിൽ തിരുവനന്തപുരം എം.ജി കോളജിലെ എസ്. ആരോമൽ സ്വർണവും കൊല്ലം ടി.കെ.എം. കോളജിലെ എൻ. മുഹമ്മദ് ആസിഫ് വെള്ളിയും നേടി.