തൃശൂർ: പ്രവാസി ഡിവിഡന്റ് നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ ഗാരന്റി ഉണ്ടാകുമെന്ന് പദ്ധതി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസജീവിതം മതിയാക്കി വരുന്നവരുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനൊപ്പം വികസന പ്രവർത്തനങ്ങൾക്കുള്ള നിക്ഷേപ പദ്ധതി കൂടിയാണിത്. മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം വരെ നിക്ഷേപിക്കാവുന്ന പദ്ധതിയിൽ സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യ 3 വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുകയും ചെയ്യും. കിഫ്ബി വഴിയാണ് മുഖ്യമായും നിക്ഷേപത്തുക വിനിയോഗിക്കുക. നിക്ഷേപത്തട്ടിപ്പും മറ്റും ഒഴിവാക്കാൻ പ്രവാസി നിക്ഷേപ സഹായ കേന്ദ്രങ്ങൾ ആവശ്യമാണ്. സുരക്ഷിതമല്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ച് വഞ്ചിതരാകുന്ന പ്രവാസികളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാതലങ്ങളിൽ നിക്ഷേപ ഉപദേശക സമിതി രൂപീകരിക്കും. സാമ്പത്തിക വിദഗ്ദ്ധരും പ്രൊഫഷണലും ഉൾപ്പെടുന്നതാവും സമിതി. പദ്ധതിയിൽ ആദ്യ നിക്ഷേപത്തുകയായ 40 ലക്ഷം രൂപയ്ക്കുള്ള സർട്ടിഫിക്കറ്റ് പ്രവാസിയായ ഡോ. റീമോൾ അലക്‌സിന് വേണ്ടി ബന്ധു തോമസ് ഡാനിയൽ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. പ്രമുഖ വ്യവസായികളായ ഉജാല രാമചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ കൊടകര, പ്രമോദ്, പ്രവീൺ എന്നിവർ നിക്ഷേപത്തുകയുടെ ചെക്കുകൾ മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് പദ്ധതി വിശദീകരിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കെ.വി. അബ്ദുൾഖാദർ എം.എൽ.എ, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.