കോഴിക്കോട്: കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നത് ഭരണാഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പൗരത്വ പൗരത്വ സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കെവെയാണ് കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചത്.
മുസ്ലിങ്ങൾ അല്ലാത്തവർക്ക് പൗരത്വം നൽകേണ്ടന്നല്ല പറയുന്നത്. എല്ലാവർക്കും പൗരത്വം നൽകണം. അവർ അങ്ങോട്ട് വരുന്നത് ഇന്ത്യയെ സ്നേഹിക്കുന്നത് കൊണ്ടാണെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇന്ത്യ എന്ന മഹാരാജ്യം ഏതെങ്കിലും മത വിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല. അങ്ങനെയാവാൻ അനുവദിക്കുകയുമില്ല. ഇപ്പോൾ മുസ്‌ലീങ്ങൾ , പിന്നെ മറ്റു വിഭാഗങ്ങൾക്കു മേലായിരിക്കും അവർ കത്തിവെയ്ക്കുക. പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയിലേക്കും അവരുടെ കൈകൾ നീളും. മുസ്‌ലീങ്ങൾ മാത്രമായിരിക്കും പ്രതിഷേധിക്കാനുണ്ടാവുക ബാക്കിയെല്ലാവരും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് കേന്ദ്രം കരുതിയത്- തങ്ങൾ പറഞ്ഞു.
ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കുന്ന നടപടിക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ച് നിന്ന് പോരാടാൻ തയ്യാറാകണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിച്ചത് ശുഭ സൂചനയാണ്. കഴിഞ്ഞ കാലത്തെ രാഷ്ട്രീയ വൈര്യവും നീരസങ്ങളുമെല്ലാം മറന്ന് മുസ്ലീം സമുദായത്തെ ആ ദുസ്ഥിതിയിൽ നിന്നു രക്ഷപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.