വീണ്ടും ഡിസംബർ....
പുൽത്തൈലത്തിന്റെ നനുത്ത ഗന്ധം അരിച്ചെത്തുന്ന ശീതക്കാറ്റിൽ നിലാവിന്റെ ഇത്തിരി മുറ്റത്തെവിടെ നിന്നോ കാരൾ ഗാനത്തിന്റെ പതിഞ്ഞ ശീലുകൾ... ദൂരെയാണ്, വളരെ വളരെ.... നിലാവിൽ വിരിയുന്ന കാപ്പിപ്പൂക്കളുടെ ഉന്മാദഗന്ധം നിറഞ്ഞ നാട്ടുവഴി താണ്ടി, പള്ളിപ്പറമ്പിലെ കൂറ്റൻ ആൽമരത്തിലെ ഇലകൾ രാത്രിക്കുളിരിൽ വിറയ്ക്കവെ മഞ്ഞിൽ കുതിർന്ന കല്ലറയ്ക്കരികെ സ്നേഹത്തിന്റെ അഗാധതയിലേക്ക് കാതോർക്കുകയാണ് ഞാൻ. തൊണ്ടയിലൊതുക്കിയ നിലവിളി പുറത്തേക്ക് വരാൻ പാടില്ലെന്നറിയാം, ഉറക്കം മുറിയരുത് ! മെല്ലെ ഉണരുക, പറഞ്ഞു തീരാത്ത എത്രയെത്ര കഥകളാണ് ഇനിയും ബാക്കി.....
കഴിഞ്ഞയാണ്ടത്തെ ക്രിസ്മസ് തലേന്ന് ഏഴു വയസുകാരി കുഞ്ഞുലക്ഷ്മിക്കുള്ള ക്രിസ്മസ് ട്രീയുമായാണ് ബാബു പോൾ സാർ എന്റെ ഫ്ളാറ്റിലെത്തിയത്. കുഞ്ഞുലക്ഷ്മി, സാറിന്റെ ദൗർബല്യമായിരുന്നു. ഏഴിന്റെയും എഴുപതിന്റെയും കുട്ടിക്കളിയുടെ രസതന്ത്രം നോക്കിയിരിക്കുക അതീവ രസമായിരുന്നു.'പാപ്പ ആണോ ക്രിസ്മസ് പാപ്പയായി ടീവീല് വരണത് " കുഞ്ഞുലക്ഷ്മിയുടെ നിഷ്കളങ്ക ചോദ്യമാണ്. സാറിനെ പാപ്പ എന്നാണ് അവൾ വിളിച്ചിരുന്നത്. പാപ്പേടെ കുഞ്ഞൂസേന്ന് സാർ തിരിച്ചും... കുംഭ കുലുക്കി പൊട്ടിച്ചിരിയായിരുന്നു ഉത്തരം. കുടവയറിന്റെ ധാരാളിത്തത്തിലേക്ക് കുഞ്ഞിനെ അണച്ചുപിടിച്ചും തെരുതെരെ ഉമ്മ വച്ചും കുട്ടിക്കൗതുകങ്ങൾക്ക് കാതോർത്തും ജീവിതത്തിന്റെ നഷ്ട സൗഭാഗ്യങ്ങളെ തിരിച്ചുപിടിക്കുകയാണ് ആ വലിയ മനുഷ്യൻ എന്നെനിക്കറിയാമായിരുന്നു. അത്താഴ മേശയിലും കുഞ്ഞുലക്ഷ്മിയെ ചേർത്തിരുത്തി. ഫോട്ടോ എടുക്കാൻ അവളുടെ അമ്മയെ ശട്ടം കെട്ടി. പപ്പടം പോലെ തമാശകൾ പൊട്ടിച്ച്, ചുട്ടരച്ച ചമ്മന്തിയും ചെറുപയർ തോരനും കൂട്ടി ചമ്പാവരി കഞ്ഞി ഊതിക്കുടിക്കുന്നതിനിടയിൽ സാറിന്റെ കണ്ണുകൾ നിറഞ്ഞു. 'സന്തോഷം കൊണ്ടാ" ,എന്നെ ആശ്വസിപ്പിച്ചു.... യാത്ര പറയവെ, പതിവ് തെറ്റാതെ ഞങ്ങൾ മൂന്ന് പേരുടെ നെറുകയിലും വാത്സല്യത്തോടെ ഉമ്മ വച്ചു... ലിഫ്റ്റിനരികിൽ വരെ ഞങ്ങൾ ഒപ്പം ചെന്നു. കുഞ്ഞുലക്ഷ്മിയെ ഒരിക്കൽ കൂടി ഗാഢമായി ആശ്ലേഷിച്ച്, ലിഫ്റ്റിൽ കയറി കൈകൾ ഉയർത്തി വിട ചോദിച്ചു... അതൊരവസാന യാത്രാമൊഴിയായിരുന്നെന്ന് കൂട്ടി വായിക്കാൻ മാത്രം ദൈവജ്ഞരല്ലല്ലോ നമ്മൾ.
' സൺഡേ സെർമൻസ് " എന്ന പേരിൽ ബാബു പോൾ സാർ അഡ്മിനായുള്ള ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അതിൽ ഞാൻ മാത്രമായിരിക്കണം ക്രിസ്ത്യാനിയല്ലാത്ത ഏക അംഗം. സാറിന്റെ ബന്ധുക്കളും സഹപ്രവർത്തകരും പുരോഹിതരും ആരാധകരും ആയിരുന്നു ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയ്ക്ക് വിശ്വാസികൾക്ക് ഉപകരിക്കത്തക്ക വിധത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് ദൈവ വചനം മുറിച്ച് വ്യാഖ്യാന സഹിതം സാർ റിക്കാർഡ് ചെയ്യുക. 'ദൈവ തിരുന്നാമത്തിന് മഹത്വമുണ്ടാകട്ടെ " എന്ന് തുടക്കം.
പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് വലിയ റോൾ ഒന്നുമില്ലേലും റെക്കാർഡ് ചെയ്താലുടനെ എനിക്കാണ് ആദ്യം അയയ്ക്കുക. ഞാൻ ബൈബിൾ പണ്ഡിതയല്ല, അദ്ധ്യാത്മികതയോട് അതിരറ്റ കമ്പവുമില്ല. വചനങ്ങളുടെ നൈതികതയോ പൊരുളോ ആഴത്തിൽ അപഗ്രഥിക്കാനറിയാത്ത സാധാരണക്കാരി. ബാബുപോൾ സാർ അയച്ചു തരുന്ന വചനങ്ങൾ എന്റെ സഹപാഠിയും പ്രിയ സുഹൃത്തമായ ക്രൈസ്തവ പുരോഹിതനോട് ചർച്ച ചെയ്ത് സംശയങ്ങൾ ദുരീകരിച്ച ശേഷമാണ് ഞാൻ സാറിനോട് അഭിപ്രായം പറയുന്നത്. സാറിനത് വലിയ സന്തോഷമാണ്. ആദ്ധ്യാത്മികതയിലേക്ക് എനിക്കും ഇടക്കിടെ ഉൾവിളിയുണ്ടായല്ലോ എന്ന് കരുതിയാവണം. സ്കൂളിൽ പഠിക്കുന്ന കാലത്ത് കോൺവെന്റിലെ ചാപ്പലിലെ ഹനാൻ വെള്ളത്തിൽ കൈ മുക്കാനും അംഗഭംഗം വന്ന ഓസ്തിക്കായി കപ്യാരെ മണിയടിക്കാനും കരഗതമാക്കിയ ക്രൈസ്തവത മാത്രമാണ് എന്റെ നീക്കിയിരിപ്പ്. മതപരമായ വിഷയത്തിൽ എനിക്ക് എന്റേതായ നിലപാടുണ്ടായിരുന്നു. ഉത്തമനായ ഒരു ദൈവ വിശ്വാസിക്ക് മാത്രമേ ഈശ്വരനോട് കലഹിച്ചു നടക്കുന്ന ഒരാളെ മനസിലാക്കാനാവൂ എന്ന സത്യം ഞാനറിഞ്ഞത് ബാബുപോൾ സാറിൽ നിന്നാണ്. സാർ എഴുതുന്നതെന്തും ഞാനാദ്യം വായിച്ചിരിക്കണമെന്ന നിർബന്ധം പോലെ തന്നെയായിരുന്നു സൺഡേ സെർമന്റെ കാര്യവും. വാക്കുകളുടെ തമ്പുരാന്, വചനങ്ങളുടെ രാജകുമാരന് ഞാനാ സൂക്തങ്ങൾ കേട്ടേ തീരൂ. അതൊരു വിശ്വാസമാണ്. ഒരു വ്യാഖ്യാനത്തിന്റെയും വരുതിയിലൊതുങ്ങാത്ത കരുതലാണ്.
ശബ്ദത്തിന് ലേശം പതർച്ചയുണ്ടെന്നോ ചിലത് അവ്യക്തമാണെന്നോ പറഞ്ഞാൽ ആ നിമിഷം സാർ അത് അഴിച്ച് പണിയും. അഞ്ച് വയസു മുതൽ വേദികളിൽ പ്രസംഗിച്ചു തുടങ്ങിയ ആൾ എഴുപത്തിയെട്ടിലും വേദിയിൽ കയറുന്നതിന് തൊട്ട് മുൻപ് സ്വദേശത്തായാലും വിദേശത്തായാലും എന്നെ ഫോണിൽ വിളിക്കും , ' നീ പ്രാർത്ഥിച്ചാൽ മതി, എല്ലാം ഭംഗിയാകാൻ " എന്ത് വിരോധാഭാസമാണ് പറയുന്നതെന്നോർത്ത് പരിഹസിച്ചിട്ടുണ്ട് ഞാൻ. ഈശ്വരാനുഗ്രഹത്തിന്റെ അലൗകികതയിലേക്ക് ഉയരുക മാത്രമല്ല, നിരുപാധിക സ്നേഹത്തിന്റെ കൈത്താങ്ങിലൂടെ എന്റെ നിരാലംബതയ്ക്ക് അർത്ഥവത്തായ പരിഗണന നൽകൽ കൂടിയായിരുന്നു ആ മനോഭാവമെന്ന് പിന്നീട് ഞാൻ ഊഹിച്ചു.
മികവുറ്റ പ്രഭാഷകൻ എന്ന കിരീടത്തിന്റെ അധിപനായിരുന്നിട്ടും ഓരോ പ്രസംഗവും ആദ്യ പ്രസംഗമെന്ന മട്ടിലാണ് സാർ സമീപിക്കുന്നതെന്നത് എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ജന്മനാടായ പെരുമ്പാവൂരിലെ കുറുപ്പംപടിയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് കവടിയാറിലെ വീട്ടിൽ അവസാനിക്കുന്ന നിത്യപ്രാർത്ഥനയുടെ താളവട്ടമായിരുന്നു ആ ജീവിതം. ജീവിതയാത്രയിൽ കണ്ടുമുട്ടിയ ഓരോരുത്തരുടെയും പേര് ചൊല്ലിയുള്ള പ്രാർത്ഥനകളായിരുന്നു അവ. 1983-ൽ മരിച്ച സ്വന്തം അമ്മയുടെ തലമുടി ഈ അടുത്ത കാലം വരെ നിധിപോലെ സൂക്ഷിച്ചിരുന്ന മകൻ. ഏറെ നിർബന്ധിച്ചിട്ടാണ് എന്നും കാണത്തക്കവിധത്തിൽ മണ്ണിൽ അത് നിമജ്ജനം ചെയ്തത്. വേദശാസ്ത്ര പാണ്ഡിത്യത്തിനപ്പുറം വൈകാരികതയ്ക്കായിരുന്നു ആ മനസിൽ എന്നും ഇരിപ്പിടം. അഹന്തയ്ക്കോ, ഗർവിനോ, പുറംപൂച്ചിനോ, വെറുപ്പിനോ ആ മനസിനെ സ്പർശിക്കാനായില്ല, ഒരിക്കലും.
മാർച്ച് മാസത്തിൽ എറണാകുളത്തെ തൽക്കാല വസതിയിലിരുന്നാണ് ഞാൻ അവസാന സെർമൻ കേട്ടത്. പതിവില്ലാത്ത തളർച്ചയായിരുന്നു ശബ്ദത്തിലെങ്കിലും ഞാനത് പറഞ്ഞില്ല. മാർച്ച് 23-ന് തിരുവനന്തപുരത്തെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കൃഷ്ണകുമാറിന് അയച്ചുകൊടുത്ത ബ്ലഡ് റിസൽട്ടുകൾ എനിക്കും ഫോർവേർഡ് ചെയ്തിരുന്നു. തലേമാസത്തെ പരിശോധനാ ഫലങ്ങളുമായുള്ള താരതമ്യം വായിച്ച് ആശങ്കപ്പെടാൻ ഒന്നുമില്ലല്ലോ എന്ന് ഞാൻ ആശ്വസിച്ചു. ഏപ്രിൽ മൂന്നിന് എന്റെ ഇളയ മകളുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഞാൻ നിർബന്ധിച്ചപ്പോൾ സാർ കരഞ്ഞു. എന്റെ മകൾക്കത് വിഷമമാകുമെന്ന് പറഞ്ഞായിരുന്ന സങ്കടം. ആശുപത്രി കിടക്കയിൽ നിന്നും തുടരെ ഫോൺ വിളിച്ച് തന്റെ അസാന്നിധ്യം കൊണ്ടുണ്ടായ ശൂന്യതയിൽ എനിക്ക് ധൈര്യം പകർന്നേയിരുന്നു... കഴിഞ്ഞ ഇരുപത് വർഷക്കാലത്തിനിടയിൽ എന്റെ ജീവിതത്തിൽ വീശിയടിച്ച കൊടുങ്കാറ്റുകൾക്ക്, കാണാക്കയങ്ങൾക്ക്, ആഞ്ഞടിച്ച വൻ തിരമാലകൾക്ക്, അങ്ങനെ എത്രയെത്ര ജീവിത വ്യസനങ്ങളിൽ കാൽപുതയാതെ രക്ഷിച്ചു നിർത്തി. പടുമുളയായ് താഴെ പതിക്കാതെ പ്രാർത്ഥനയുടെ മാന്ത്രിക ശക്തിയിൽ അണച്ചുപിടിച്ചു
ഞാൻ സർക്കാർ സർവീസിൽ പ്രവേശിക്കുമ്പോൾ റവന്യു ബോർഡ് മെമ്പറായി സാർ സെക്രട്ടേറിയറ്റിന് പുറത്തായിരുന്നു. സാംസ്കാരിക വകുപ്പ് സെക്രട്ടറി എന്ന പദവിയിലിരിക്കെ ആരംഭിച്ച പരിചയം രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പകരം വയ്ക്കാനാവാത്ത,ഒരു പേരിട്ടും വിളിക്കാനാവാത്ത, തീവ്രസൗഹൃദമായി വളർന്നു. പലപ്പോഴായി പലയിടത്തായി പല പ്രാവശ്യം സാർ ജീവിതം എഴുതുകയും, പറയുകയും ചെയ്തു. എന്നാൽ എഴുതാനോ പറയാനോ കഴിയാത്ത എത്രയോ രഹസ്യങ്ങളുടെ അടരുകളോന്നും എനിക്ക് മുന്നിൽ അനാവൃതമാകുകയും കരതലാമലകമായി എന്റെ ഉള്ളം കൈയിൽ അമരുകയും ചെയ്തു. എന്റെ മുന്നിൽ മണൽത്തരിയോളം ചെറുതായി . ചിലപ്പോൾ ഗൗരീശങ്കരത്തോളം ഉത്തുംഗമായി. ഒരു വേള സൂര്യനായി ,അനന്തരം പെയ്തൊഴിയാത്ത മഞ്ഞുമഴയായി... വെന്റിലേറ്ററിലേക്ക് നീങ്ങും മുൻപ് ഓർമയുടെ അവസാന തിരിയും കെടും മുൻപ് ഹൃദ്യമായ് ചിരിച്ചു കൊണ്ട് അവസാനമായി പറഞ്ഞ വാക്കുകൾ ''നിനക്ക് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം പറയട്ടെ , എന്റെ എഴുത്ത് പോലെ മനോഹരമാണ് എന്റെ ഹൃദയവും എന്ന് ഡോ .വിജയരാഘവൻ പറയുന്നു..."" സത്യമാണ് , എഴുത്തും ഹൃദയവും രണ്ടിന്റെയും സൗന്ദര്യം തിരിച്ചറിഞ്ഞത് എന്നോളം ആരുണ്ടാവും ? തെളിനീർ പോലെ നിറഞ്ഞൊഴുകിയ സ്നേഹപ്രവാഹത്തിൽ ആണ്ടു മുങ്ങാൻ എന്നെ നിയോഗിച്ചതാരാവും ? അത് ഈശ്വരന്റെ നിയോഗമാണെന്നും ദൈവമറിയാതെ തന്റെ ജീവിതത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞിരുന്നു.
ഈ വർഷം പിറന്നൊടുങ്ങുമ്പോൾ എന്റെ ജാതകക്കുറിപ്പിൽ നിതാന്ത വേദനയുടെ നാരായമുന കൊണ്ട് കാലം വീഴ്ത്തിയ പോറൽ ഒരിക്കലും മായുന്നതല്ലെന്ന് ഞാനറിയുന്നു. സാറിന്റെ വിയോഗം വൈയക്തികമായി ഏറെപ്പേരെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. ഓർക്കാപ്പുറത്ത് കാലം കവർന്ന ആ വിളക്ക് മരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവച്ച ഓർമ നുറുങ്ങുകൾ എത്രയധികം പേരുടെ ഹൃദയത്തിൽ നനവുണ്ടാക്കി എന്നത് എന്നെ അത്ഭുതപ്പെടുത്തി. അറിയാസ്ഥലികളിൽ നിന്നും, അജ്ഞാതരായ എത്രയെത്ര ആളുകളുടെ സാന്ത്വനശബ്ദം ഇപ്പോഴും എന്നെ തേടിയെത്തുന്നു..... ജീവിതത്തിന്റെ ഗതിവിഗതികൾ പ്രവചനാതീതമാണല്ലോ. സങ്കീർണതകളിൽ നിന്ന് , ഊഷരതകളിൽ നിന്ന് അപ്രതീക്ഷിതമായ ചില തണലിടങ്ങൾ നമുക്കായ് കരുതി വയ്ക്കുന്നു... എന്നിട്ട് കാലൊച്ച കേൾപ്പിക്കാതെ നിനയ്ക്കാത്ത നേരത്ത് വന്ന് ഒക്കെയും കവർന്നെടുക്കും. മുഴുമിപ്പിക്കാനാവാതെ പോയ യാത്രാമൊഴിയിൽ മൃത്യുവിന് ശമിപ്പിക്കാനാവാത്ത നൊമ്പരം അപ്പോഴും ബാക്കിയാവും... ആചാരവെടികൾക്കും സ്തുതി വചനങ്ങൾക്കും ചേക്കേറാൻ കഴിയാത്ത ആത്മനൊമ്പരത്തിന്റെ നെഞ്ചിടിപ്പിൽ എന്തോ ഒന്ന്, അതെ എന്തോ ഒന്ന് എന്നോട് പറയാൻ ബാക്കിയായിരുന്നില്ലേ ? അത് ഇതായിരുന്നിരിക്കണം,
എന്നും ഒരു ചാരുമരം
എന്നും പൂമഴ
എന്നും തണൽ
എന്നും പൂമെത്ത
എന്നും പൂക്കുന്ന കൊന്ന...
(ലേഖികയുടെ നമ്പർ:94477 72190)