ഇതുകണ്ടപ്പോൾ എന്ത് തോന്നി? സ്പോട്ട് ലൈറ്റ് ഉപയോഗിച്ച് ലൈറ്റപ്പ് ചെയ്തു കറുത്ത തുണിയുടെ ബാക്ക് ഗ്രൗണ്ടിലോ ഇരുണ്ട മുറിക്കുള്ളിലോ എടുത്ത ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രം എന്നല്ലാതെ മറ്റു പ്രത്യേകതകൾ ഒന്നുമില്ലല്ലോ! വർഷങ്ങൾക്കു മുമ്പ് ഞാൻ ഒരു പുതുമുഖമായി ഫോട്ടോഗ്രഫി രംഗത്തേക്ക് കടക്കുമ്പോൾ എടുത്ത ചിത്രമാണ് ഇത്. ഒരു മോഡലിനെ നിർത്തി വേണ്ട രീതിയിൽ ലൈറ്റ് കൊടുത്ത് ഇതു പോലെ ഒരു ഫോട്ടോ എടുക്കുക ഇന്ന് അത്ര പ്രയാസമുള്ള കാര്യമല്ല.
എന്നാൽ ഇതെടുത്തിട്ട് ഏതാണ്ട് അരനൂറ്റാണ്ട് ആകുന്നു. ആ സമയത്ത് ബ്ളാക്ക് ആന്റ് വൈറ്റ് ഫിലിം മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ. പോർട്രേറ്റ് പരീക്ഷണത്തിലെ ഒരു ചിത്രമാണ് ഇത്. ഒരു റോൾ ഫിലിമിൽ എട്ടു ഫോട്ടോകൾ മാത്രം ( 2 ബി സൈസ്) എടുക്കാൻ പറ്റുന്ന ഒരു ബോക്സ് കാമറയേ എന്റെ കൈവശം ഉണ്ടായിരുന്നുള്ളു. ഫിലിമിന്റെ വിലക്കൂടുതൽ കാരണം ആ കാമറയുടെ ഉള്ളിൽ ഹാർഡ് ബോർഡ് കട്ട് ചെയ്തുവച്ച് ചില മാറ്റങ്ങൾ വരുത്തി 12 ഫോട്ടോകൾ എടുക്കാവുന്ന തരത്തിൽ ആക്കി. എന്നാലും ബോക്സ് കാമറകളിൽ ഇത്തരം ഷാർപ്പായ ചിത്രങ്ങൾ എടുക്കാൻ കഴിയുകയില്ലായിരുന്നു എന്ന കാര്യം ഞാൻ പഠിച്ചിരുന്നു. അതിനെ അതിജീവിക്കാൻ നടത്തിയ തീവ്രശ്രമത്തിന്റെ വിജയമാണ് ഈ ചിത്രം!
ബോക്സ് കാമറകളിൽ ഫിക്സഡ് ഫോക്കസ് ലെൻസുകളാണ് ഉപയോഗിക്കാറുള്ളത്. ഉദ്ദേശം ഏഴടി മുതൽ ദൂരേക്കുള്ളവയാണ് ഫോക്കസിലാവുക. എന്നുവച്ചാൽ ഏഴ് അടിക്കുള്ളിൽ എടുക്കുന്ന ഫോട്ടോകൾ ഒട്ടും വ്യക്തമായിരിക്കുകയില്ല. ഒന്നിനേയും കൃത്യമായി ഫോക്കസ് ചെയ്യാനാവില്ല . അതായത് ഫോക്കസിംഗ് എന്ന സിസ്റ്റം ഇതിനില്ല എന്നുസാരം. അതിനാൽ തന്നെ കൂടുതൽ വിശദാംശങ്ങൾ കിട്ടുകയുമില്ല. അതിന്റെ സാങ്കേതിക വശം മനസിലാക്കിയ ശേഷം കാമറയുടെ ലെൻസിന്റെ മുന്നിൽ ഒരു വെള്ളെഴുത്തു കണ്ണാടിയുടെ ലെൻസ് (കോൺവെക്സ് ലെൻസ്) ചേർത്തുവച്ച് സബ്ജക്ട് നന്നായി ഷാർപ്പാകുന്ന ദൂരം അളന്നുകണ്ടുപിടിച്ചു. എന്നിട്ടു കോളേജിൽ പഠിക്കുന്ന അനിയത്തിയെ അതേ ദൂരത്തിൽ ഏകദേശം സൂര്യന് അഭിമുഖമായി നിർത്തിയ ശേഷം ക്ലിക്ക് ചെയ്ത ഫോട്ടോയാണ് ഇത്. ഹൈലൈറ്റ് എങ്ങനെ മോഡലിംഗിന് ഉപയോഗിക്കാമെന്നതിന്റെ ഒരു പരീക്ഷണം കൂടിയായിരുന്നു. അന്നത്തെ മുന്തിയതരം കാമറകളായിരുന്ന റോളിഫ്ളക്സ്, റോളിക്കോഡ്, മാമിയ തുടങ്ങിയ വിലകൂടിയ കാമറകളിൽ മാത്രമേ ഇത് സാദ്ധ്യമാകുമായിരുന്നുള്ളൂ. അവയെ വെല്ലുന്ന തരത്തിൽ വിശദാംശങ്ങളോടു കൂടി ബോക്സ് കാമറയിൽ എടുത്ത ഡേ ലൈറ്റ് ചിത്രമാണ് ഇത്. പല പ്രസിദ്ധീകരണങ്ങളും അന്ന് ബോക്സ് കാമറയിലെടുത്ത ചിത്രമാണിതെന്ന് വിശ്വസിക്കാൻ ആദ്യം തയ്യാറായിരുന്നില്ല!