കുട്ടികൾ എന്നും അത്ഭുതമാണ്. അവരുടെ ചിന്തയും പ്രവൃത്തിയും മുതിർന്നവരിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും. അറിവിന്റെ വാതായനങ്ങൾ തുറന്നിടുന്ന അദ്ധ്യാപകർ പോലും പലപ്പോഴും തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ കഴിവുകൾ തിരിച്ചറിയണമെന്നില്ല. ഓരോ കുട്ടിയുടെയും കഴിവ് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടുന്ന പരിശീലനം നൽകുന്നൊരു കൂട്ടായ്മയുണ്ട്, പെറ്റൽസ് ഗ്ലോബ്. ഏതാണ്ട് മൂന്ന് ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ നിന്ന് പരിശീലനം നേടി പുറത്തിറങ്ങിയിരിക്കുന്നത്.
കുട്ടികളുടെ സ്വപ്നലോകം
പരസ്യരംഗത്ത് പ്രവർത്തിക്കുന്ന സാനു സത്യൻ ജോലിയുടെ ഭാഗമായാണ് ബാംഗ്ലൂരിലെ ഒരു സ്കൂളിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. കമ്പനിയുടെ ഉത്പന്നങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക, അത് വാങ്ങാൻ കുട്ടികൾ വഴി രക്ഷകർത്താക്കളെ പ്രേരിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം. നിരവധി അസൗകര്യങ്ങളുണ്ടായിരുന്ന ആ സ്കൂളിലെ കുട്ടികൾക്ക് പരിശീലനത്തിനുശേഷമുണ്ടായ മാറ്രവും അവരുടെ സന്തോഷവും പരിശീലകരെ സ്വാധീനിച്ചു. അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഒ ആരംഭിക്കണമെന്ന ചിന്ത മാത്രമായിരുന്നു ചീഫ് കോർഡിനേറ്റർ സാനു സത്യൻ അടക്കമുള്ള പരിശീലകരുടെ മനസിൽ. പെറ്റൽസ് ഗ്ലോബ് എന്ന എൻ.ജി.ഒ പിറവി കൊണ്ടത് അങ്ങനെയാണ്. 2016ൽ ആരംഭിച്ച ഈ കാൽവയ്പ്പ് വർഷങ്ങൾക്കിപ്പുറവും വിദ്യാഭ്യാസരംഗത്ത് തലയുയർത്തി നിൽക്കുന്നു. ഇക്കാലയളവിൽ മൂന്നു ലക്ഷത്തിൽപ്പരം കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.
മൾട്ടിപ്പിൾ ഇന്റലിജൻസ് ഡെവലപ്മെന്റ് കേന്ദ്രീകരിച്ചുള്ള പരിശീലന പരിപാടികളാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്. ഓരോ കുട്ടികളിലുമുള്ള കഴിവുകളും അവരുടെ അഭിരുചികളും വ്യത്യസ്തമായിരിക്കും. അത് തിരിച്ചറിയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലാണ് കാര്യം. ഒരു കുട്ടിക്ക് പ്രധാനമായും എട്ട് ഇന്റലിജൻസുകളാണുണ്ടാവുക. അതിൽ ഏറ്റക്കുറച്ചിലുകളും വരാം. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസം എല്ലാ ഇന്റലിജൻസുകളേയും പരിഗണിക്കുന്നതല്ല. കുട്ടികളിലെ യഥാർത്ഥ കഴിവുകൾ മനസിലാക്കാതെയാണ് അദ്ധ്യാപകർ പഠിപ്പിച്ചു പോകുന്നതും. ഇതിനൊരു മാറ്റമാണ് നൽകി വരുന്നത്.
വ്യത്യസ്തമായ ക്ലാസുകൾ
കുട്ടികളിലെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയാൻ അവരെയും അദ്ധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കുട്ടികളെ ആക്ടീവാക്കി നിർത്തിക്കൊണ്ടായിരിക്കും ക്ലാസുകൾ. ഓരോ വാക്കുകളിൽ നിന്നും കുട്ടികൾ നിർമിക്കുന്ന വാചകങ്ങളും ചിന്തകളും പലപ്പോഴും തങ്ങളെ അമ്പരപ്പിക്കാറുണ്ടെന്ന് പരിശീലകർ സാക്ഷ്യപ്പെടുത്തുന്നു. എട്ടു വയസുവരെയുള്ള പ്രായത്തിലാണ് മനുഷ്യരിലെ കഴിവുകൾ ഉരുത്തിരിയുന്നതെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആ പ്രായത്തിലുള്ള കുട്ടികൾക്കാണ് പെറ്രൽസ് ഗ്ലോബ് ക്ലാസുകൾ നൽകുന്നതും. ഇവരുടെ ക്ലാസുകൾ ഏറെയും നടക്കുന്നത് സർക്കാർ സ്കൂളുകളിലും സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലെ സ്കൂളുകളിലുമാണ്. എങ്ങനെ ക്ലാസിനെ വ്യത്യസ്തമാക്കാം എന്ന് അദ്ധ്യാപകരും മനസിലാക്കിയാൽ നമ്മുടെ വിദ്യാഭ്യാസരംഗത്തിന് തന്നെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പെറ്റൽസ് ഗ്ലോബിന്റെ അണിയറപ്രവർത്തകർ പറയുന്നത്. എ ഫോർ 'ആപ്പിൾ"എന്ന് പറഞ്ഞുപഠിപ്പിക്കുന്നതിന് പകരം എ ഫോർ 'എയ്റോപ്ലെയിൻ"എന്ന് മാറി ചിന്തിക്കണം. കാണാതെ പഠിച്ച് പരീക്ഷയെഴുതുന്ന രീതിക്ക് പകരം എന്താണ് പാഠഭാഗങ്ങളെന്നും അതിന് പിന്നിലെ ശാസ്ത്രമെന്തെന്നും പരീക്ഷണങ്ങളിലൂടെ പഠിച്ച് പരീക്ഷയെഴുതുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറണമെന്നും അവർ പറയുന്നു.
റെയിൽവേ സ്റ്റേഷനിലെ കാർട്ടൂണുകൾ
റെയിൽവേ സ്റ്രേഷനുകളിലെ ചുമരുകൾ വൃത്തിയുള്ളതും വ്യത്യസ്തവുമാക്കാൻ ചുമരുകളിൽ കാർട്ടൂണുകൾ വരയ്ക്കുന്ന രീതിക്ക് കേരളത്തിൽ തുടക്കം കുറിച്ചത് പെറ്റൽസ് ഗ്ലോബാണ്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവിതം വിഷയമാക്കി ആലുവ റെയിൽവേ സ്റ്രേഷനിൽ 150 വിദ്യാർത്ഥികളുടെ സഹകരണത്തോടെ വരച്ച കാർട്ടൂണുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് പല എൻ.ജി.ഒകളും സംഘടനകളും റെയിൽവേ സ്റ്രേഷനുകളിൽ കാർട്ടൂണുകൾ വരച്ചുതുടങ്ങിയത്.
പ്രളയസമയത്ത് എറണാകുളം ചൂർണിക്കരയിൽ കുട്ടികൾക്കും യുവാക്കൾക്കുമായി ഒരുക്കിയ മാനസികാരോഗ്യ പരിപാടി, മൂക്കന്നൂരിലെ ഒരു അനാഥാലയത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ സമ്മർ ക്യാമ്പ്, ലൈവ് ആനിമേഷൻ വർക്ക്ഷോപ്പ്, ആർട്ട് എക്സിബിഷനുകൾ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി പരിപാടികൾഇക്കാലയളിൽ സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലന പരിപാടികൾക്ക് ഫീസ് ഈടാക്കാറില്ല. വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫെഡറൽ ബാങ്കാണ് മുഖ്യ സ്പോൺസർ. സാനു സത്യന് പുറമേ ഒരു പറ്റം പരിശീലകരും ഉദ്യമത്തിന് പിന്നിലുണ്ട്.
ആഫ്രിക്കയിലും സാന്നിദ്ധ്യം
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (യു.എൻ.ഡി.പി) സഹകരണത്തോടെ പെറ്റൽസ് ഗ്ലോബും സാനു സത്യനും നൈജീരിയയിലേയും ഘാനയിലേയും സ്കൂളുകളിലും കുട്ടികൾക്ക് വേണ്ടി പ്രോഗ്രാം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ സംസ്കാരവും രീതിയുമുള്ള രാജ്യങ്ങളിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത് പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് സാനു സത്യൻ പറയുന്നു. പരിപാടിയുടെ ഭാഗമായി നൈജീരിയയിലേയും ഘാനയിലേയും സ്ത്രീകൾക്ക് വേണ്ടിയുള്ള ശാക്തീകരണ പരിപാടിയും പെറ്റൽസ് ഗ്ലോബ് അവതരിപ്പിച്ചു. മൾട്ടിമീഡിയ, ആനിമേഷൻ രംഗങ്ങളിൽ സ്ത്രീകൾക്ക് പരിശീലനവും തൊഴിലും നൽകുന്ന പരിപാടിയും പിന്നാലെ വരുന്നുണ്ട്. കേരളത്തിലും താമസിക്കാതെ കോഴ്സ് ആരംഭിക്കും.