ഡോ. ലത ഭാര്യയോട് രാമകൃഷ്ണന്റെ ജീവിതചര്യചോദിച്ചു. രക്തസമ്മർദ്ദം ശ്രദ്ധിക്കണം. ഹൃദയത്തിന് പറയത്തക്ക ന്യൂനതകളൊന്നുമില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള ഇടപെടലെങ്ങനെ? ഒരു ദിവസം എത്രവട്ടം ചിരിക്കും? മനസ് തുറന്ന് എത്രനേരം സംസാരിക്കും? ഡോക്ടറുടെ ചോദ്യങ്ങൾക്ക് ഭർത്താവിന്റെ ഇമേജിന് കോട്ടം വരാത്ത രീതിയിൽ ഒരുവിധം മറുപടി പറഞ്ഞു. ചിരിക്കാൻ വലിയ പാടാണ്. ബുദ്ധിയുള്ളവർ ചിരിക്കില്ലെന്നും മണ്ടന്മാരാണ് ഉറക്കെ ചിരിക്കുന്നതെന്നുമുള്ള ധാരണ എങ്ങനെയോ രാമകൃഷ്ണനിൽ കടന്നുകൂടി. അതെപ്പോൾ എങ്ങനെ വന്നുവെന്ന് ആരും ശ്രദ്ധിച്ചിട്ടില്ല. ചിന്തിച്ചിട്ടുമില്ല. സന്തോഷം വന്നാലും ചിരിയെ അടക്കും.
കുട്ടിക്കാലത്ത് കൂട്ടുകാർ രാമകൃഷ്ണനെ ചിരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കാര്യം അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. മൂത്തയാളാണ്. രണ്ടു സഹോദരിമാർ. അവരെല്ലാം സദാ പുഞ്ചിരി മത്സരത്തിൽ പങ്കെടുക്കുന്നതുപോലെ തോന്നും. അച്ഛനമ്മമാരും പുഞ്ചിരിക്കുന്നവരും തമാശ ആസ്വദിക്കുന്നവരും.
പെണ്ണുകാണാൻ വന്നപ്പോഴും വലിയ ഗൗരവക്കാരൻ. ആദ്യരാത്രിയിലും ചിരിയില്ല. ചുണ്ടുകൾ സുന്ദരമാണെങ്കിലും ചിരിയെ അണകെട്ടി വച്ചിരിക്കും പോലെ. തമാശ പറയുന്നിടത്തു നിൽക്കില്ല. സുഹൃത്തുക്കൾ ഫലിതം പറയുമ്പോൾ നീരസം പ്രകടിപ്പിക്കുകയും ചെയ്യും. രാമകൃഷ്ണൻ സാറിനെ ഉള്ളുതുറന്ന് ചിരിപ്പിച്ചാൽ ഗംഭീര പാർട്ടിനടത്തുമെന്ന് ഒരു സഹപ്രവർത്തക പ്രഖ്യാപിച്ചതറിഞ്ഞ രാമകൃഷ്ണൻ ഒരാഴ്ച ലീവിലായിരുന്നു. ഒരു ചിരിയും ആത്മാർത്ഥമല്ല. കാപട്യം അതിൽ പൊതിഞ്ഞുവച്ചിരിക്കുന്നു. ആനയും സിംഹവും തിമിംഗലവും എത്ര ചിരിക്കുന്നു. ചിരിക്കാതെ ജീവിച്ചാൽ ആർക്കും ഉപദ്രവമാകില്ല. ഇതാണ് രാമകൃഷ്ണന്റെ ഉള്ളിലിരിപ്പെന്ന് പലരും അടക്കം പറഞ്ഞു.
രാമകൃഷ്ണൻ ആദ്യം അച്ഛനായെന്നറിഞ്ഞ് വേണ്ടപ്പെട്ടവർ ചെന്നപ്പോഴും പുഞ്ചിരിച്ചില്ല. അത് പെൺകുട്ടിയായിരുന്നു. അതുകൊണ്ടായിരിക്കാം ഗൗരവം എന്ന് ചിലർ വ്യാഖ്യാനിച്ചു. നല്ല വീടുവച്ചു. ഗൃഹപ്രവേശനത്തിന് എത്തിയപ്പോഴും രാമകൃഷ്ണൻ ഗൗരവഭാവത്തിൽ തന്നെ. പ്രമോഷൻ കിട്ടിയപ്പോഴും അതേഭാവം തന്നെ.
മുജ്ജന്മത്തിലേ പിണങ്ങിയവരാണ് സുഹൃത്തുക്കളും ബന്ധുക്കളുമായി അടുത്തുകൂടിയിരിക്കുന്നതെന്ന് രാമകൃഷ്ണൻ വിശ്വസിക്കും പോലെ. ഒരു ദിവസം കഷ്ടിച്ച് അമ്പതുവാക്കെങ്കിലും സംസാരിച്ചാൽ ഭാഗ്യം. ഇരുട്ട് കണ്ട് ശീലിച്ചപോലെ രാമകൃഷ്ണന്റെ പുഞ്ചിരിവറ്റിയ മുഖവും ഗൗരവവും കണ്ട് പരിചയിച്ച മക്കൾക്കും അച്ഛനെക്കുറിച്ച് പരാതിയില്ല. മക്കൾ എത്ര മാർക്കുവാങ്ങിയാലും ജയിച്ചാലും തോറ്റാലും രാമകൃഷ്ണന്റെ മുഖത്ത് ഭാവമാറ്റം ഉണ്ടാകാറില്ല. ഭർത്താവ് പൊട്ടിച്ചിരിക്കുന്നത് സ്വപ്നത്തിൽ ഭാര്യ പലവട്ടം കണ്ടിട്ടുണ്ട്. എങ്കിലും അതുകേട്ടാൽ കോപിക്കുമോ എന്ന് ഭയന്ന് ഭാര്യ പറഞ്ഞില്ല.
ഡോ. ലത ഭാര്യയോട് സംസാരിക്കുന്നത് അശ്രദ്ധമായി ശ്രദ്ധിച്ച രാമകൃഷ്ണൻ കാര്യം തിരക്കി. എത്രവട്ടം പുഞ്ചിരിക്കും. എത്രവാക്കുകൾ ഒരു ദിവസം സംസാരിക്കും എന്നൊക്കെ ചോദിച്ചു എന്ന് കേട്ടപ്പോൾ രാമകൃഷ്ണൻ ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞപ്പോൾ അയാൾ ആയാസപ്പെട്ട് ചിരിക്കാൻ ശ്രമിച്ചു. ശരിയാണ് ഡോക്ടർ പറഞ്ഞത്. ഞാൻ ചിരിക്കാൻ മറന്നുപോയി. സന്തോഷിക്കേണ്ട എത്രയോ മുഹൂർത്തങ്ങൾ കടന്നുപോയി. അതോർത്ത് ഇനി ചിരിക്കാനാവില്ലല്ലോ. അയാളുടെ സ്വരം ഇടറി. സാരമില്ല. ഇനി മനസ് തുറന്ന് ചിരിച്ചാൽ മതി. എല്ലാധൈര്യവും വീണ്ടെടുത്ത് രാമകൃഷ്ണൻ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ചിരിപുറത്തുവരുന്നില്ല. നിരാശനാകാതെ അയാൾ വീണ്ടും ചിരിക്കാൻ ശ്രമിച്ചു. എന്നിട്ടും ചിരി വരുന്നില്ല. അപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചെറുപുഞ്ചിരിയോടെ ഭാര്യ ആ കണ്ണുകൾ തുടച്ചു.
(ഫോൺ :9946108220)