Who am I? At this point, I have no
clue-Angel ploetner
മലയാള സാഹിത്യത്തിൽ ഏറ്റവും സൂക്ഷ്മരൂപിയായ ശാഖ ചെറുകഥയാണെന്നതും എഴുത്തുകാരെ അത് ഏറെ വെല്ലുവിളിക്കുന്നു എന്നതും ഒരു യാഥാർഥ്യമാണ്. കഥ 'കവർ സ്റ്റോറിയാവുന്ന ശീലത്തെ മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണങ്ങൾ പോലും പിന്തുടരുന്നത് ഈ ബോധത്തിൽ നിന്നു തന്നെയാവണം. അത്രയേറെ പരീക്ഷണങ്ങളിലൂടെയും പച്ചയായ ജീവിതചിത്രീകരണത്തിലൂടെയും അത് വൈവിദ്ധ്യപൂർണമായികടന്നുപോയിരിക്കുന്നു. കവിതയിൽ കിട്ടാത്ത സ്ഥലവിന്യാസങ്ങൾ അത് സ്വന്തമാക്കുന്നു. സാമൂഹ്യയാഥാർഥ്യത്തെ മുഖാമുഖം ഏറ്റുമുട്ടാൻ അത് ക്ഷണിക്കുന്നു. ആധുനികജീവിത സങ്കീർണതകളെ അവ ഇഴവിടർത്തി പരിശോധിക്കുകയും കനത്ത മിന്നൽക്കൊടികൾ ഭാവുകത്വാകാശത്തേക്ക് എയ്തുവിടുകയും ചെയ്യുന്നു. പ്രച്ഛന്നതയിലേക്കല്ല, അഴിച്ചുമാറ്റലിലേക്കാണ് അത് സഞ്ചരിക്കുന്നതെന്ന് നമുക്ക് കാണാൻ കഴിയും. എന്റെ സുഹൃത്ത് സലിൻ മാങ്കുഴി വാരിവലിച്ചെഴുതുന്ന സ്വഭാവക്കാരനല്ല. സമകാലീന ചെറുകഥ എത്തിനിൽക്കുന്ന വളർച്ച ഈ എഴുത്തുകാരൻ സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ട്. അതിനുള്ള മികച്ച ഉദാഹരണമാണ് ഈ കഥാ സമാഹാരം.
സ്റ്റെഫാൻ സൈ്വഗിന്റെ The Royal Game നോവലിന്റെ ആന്തരികാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുംവിധം അവയിൽചില കഥകൾ വായനക്കാരനെ അറസ്റ്റ് ചെയ്ത് തന്റെ ഭാവനാലോകത്ത് ബന്ധിപ്പിച്ചിടുന്നു. കഥാകൃത്തിന്റെ ഭാവനാ ലോകത്തെ കുരുക്ക് വായനക്കാരന്റേതാക്കി മാറ്റുന്നതിന്റെ മികച്ച ഉദാഹരണമാണ് പേരാൾ. മാർക്കേസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് 'ഒരു കഥാകൃത്ത് ജീവിതത്തിൽ ഒരു കഥയേ എഴുതുന്നുള്ളൂ. മറ്റുള്ളതെല്ലാം ഒന്നിന്റെ വകഭേദങ്ങൾ മാത്രമാണ്." ആദ്യം ഇത് നിഷേധിക്കാൻ തോന്നുമെങ്കിലും ഒരെഴുത്തുകാരന്റെ ഒറ്റക്കഥയുടെ പര്യായവർത്തമാനങ്ങൾ തന്നെയാണ് ഇതരകഥകളുമെന്ന് സൂക്ഷിച്ച് നോക്കിയാൽ മനസിലാകും. പക്ഷേ കഥകളിൽ വൈവിദ്ധ്യങ്ങൾ തോന്നിപ്പിക്കുന്ന നല്ല കലാകാരനായിരിക്കും മികച്ച കഥാകൃത്ത്. അല്ലെങ്കിൽ അയാൾ തന്റെ തന്നെ കഥകളുടെ ഫോട്ടോ സ്റ്റാറ്റെടുപ്പുകാരനായി വൈകാതെ ഒടുങ്ങിയമരാം. ഈ കഥകളുടെ സ്വക്ഷേത്രമെന്തെന്ന് തിരക്കുമ്പോൾ നമുക്ക് പറയാനാവുക, സ്വത്വപ്രതിസന്ധിയുടെ ഇരകളുടെ കാവലാൽപ്പണി എന്നുതന്നെ. കഥകളുടെ വൈവിദ്ധ്യം അത്ഭുതകരമായി സലിൻ സൂക്ഷിക്കുമ്പോഴും ആഴത്തിൽ തേങ്ങുന്ന ഒച്ച സ്വത്വപ്രതിസന്ധിയുടേതാണ്. അസ്തിത്വപ്രതിസന്ധിയെന്നോ അസ്തിത്വവിചാരമെന്നോ നാം സാമാന്യവത്ക്കരിച്ച കഥാലോകത്തെ ആ എഴുപതുകളിലെ അത്യന്താധുനിക സമസ്യകൾ ഈ കഥകളിൽ അലയടിക്കുന്നുവെന്ന് ഉപരിപ്ലവ വായനക്കാർ പറഞ്ഞേക്കാം. എന്നാൽ എഴുപതുകളുടെ സ്വത്വവിചാരവ്യഥയല്ല 2019ലെ ഈ രചനകളിലുള്ളത്.
സ്വത്വപ്രഹേളിക ഏറ്റവും മൂർത്തമായി അവതരിപ്പിക്കുന്ന 'പേരാൾ"ഉയർന്ന വായനക്ഷമതയുടെ ഹിപ്നോട്ടിക് നിദ്രയിലകപ്പെടുത്തുന്ന കഥയാണ്. ഉള്ളിലെ കഥ പറയാനാവാതെ പോകുന്നതിന്റെ വേദനയെപ്പറ്റി ഉദ്ധരിച്ചുകൊണ്ടാണ് 'പേരാൾ"തുടങ്ങുന്നത്. കഥയുടെ താക്കോൽ തന്നെയാണ് ആ ഉദ്ധരണി.
ഹിംസയുടെ ജനിതക പ്രേരണകളുടെ ഭൂപടം ആയി വരച്ചിടുകയാണ് ജോസഫ് എന്ന സിനിമാക്കാരന്റെ ജീവിതം (പാതാളപ്പൂവ്). എത്ര വലിയ അവസരങ്ങൾ ലഭിച്ചാലും തിന്മയോട് മാത്രം ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ചില മനുഷ്യരുടെ പ്രതിനിധിയാണ് സി. പി. ജോസഫ് എന്ന സംവിധായകൻ. അയാളുടെ ഭാര്യയാകേണ്ടി വന്ന അന്ന എന്ന നടി അച്ഛന്റെ വേഷമിട്ട അസിസ്റ്റന്റ് ആർട്ട് ഡയറക്ടർ വാവച്ചൻ - അവിസ്മരണീയമായ ഈ മൂന്ന് കഥാപാത്രങ്ങൾ മനുഷ്യസ്വഭാവത്തിന്റെ പ്രഭവ കേന്ദ്രം ജനിതക ത്വരയെന്ന് തന്നെയെന്ന് നാം വായിച്ചെടുക്കുന്നു. അന്ന കൊതിച്ച ഇത്തിരി സ്നേഹം വാവച്ചനു മാത്രമേ നൽകാൻ സാധിച്ചുള്ളു എന്നതും ശ്രദ്ധേയമാണ്. സ്വത്വവൈരുദ്ധ്യങ്ങളിൽ നിന്ന് സ്വത്വതെളിമയിലേക്ക് അന്ന വെളിപ്പെടുന്നതോടെയാണ് 'പാതാളപ്പൂവ്"അവസാനിക്കുന്നത്. 'പമ്പസൂപ്പർഫാസ്റ്റ്"എന്ന കഥ സ്നേഹം എന്ന ആത്മീയ പ്രകാശത്തെ തിരിച്ചറിയാതെ പോകുന്ന സാമൂഹിക ഗാർഹിക - ഭാര്യാഭർതൃബന്ധത്തിന്റെ ജീവിതം കൂടിയാണ്.
ആരാലോദമിതമാക്കപ്പെട്ട ജീവിതത്തിനുള്ളിൽ പാർക്കുന്ന യഥാർത്ഥ സ്വത്വത്തെ മുക്തമാക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്നതാണ് സത്യത്തിൽ സലിന്റെ കഥാലോകം. ആവിഷ്കരിക്കാതെപോയ ജീവിതവും തെറ്റായി ആവിഷ്കരിച്ച ജീവിതവും ഇതിനകത്തുണ്ട്. 'ഒളിവു ജീവിതം" എന്ന കഥതന്നെ ഉദാഹരണം. ആത്മാഭിമാനത്തോടെ മരിക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന സുധാകരന്റെ വ്യാജ ജീവിതത്തിന്റെ കഥാന്ത്യം ഇതോർമ്മിപ്പിക്കുന്നു. 'ഒളിവുജീവിതം' നാം ഇന്ന് എത്തിച്ചേർന്ന അരാഷ്ട്രീയ കാലാവസ്ഥയുടെ അപഹാസ്യനാടകമാണ്. സലിൻ മാങ്കുഴിയുടെ കഥകൾ അവയിലെ കഥാപാത്രങ്ങൾ സ്വത്വപ്രകാശനത്തിനുള്ള വഴിക്കായി ആഴത്തിൽ നിരന്തരംതിരയുന്നു. കഥകൾ അവസാനിക്കുന്നില്ല. കാലം അവസാനിക്കാത്തിടത്തോളം ഒരു കഥയുടെ പല രൂപങ്ങളായി അത് മനുഷ്യ സമൂഹത്തെ തേടിയെത്തുന്നു- വാക്കില്ലാത്തവർക്ക് നാവായി, കാഴ്ചയറ്റവർക്കു വർണങ്ങളായി. സലിൻ മാങ്കുഴിയെ കാലവും കവിതയും കാത്തിരിക്കുന്നുണ്ട്. സന്തോഷപൂർവം ശുഭയാത്ര നേരുന്നു.
സലിൻ മാങ്കുഴിയുടെ ഫോൺ : 94472 46153, പൂർണ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില ₹160