എന്നും സ്വന്തം നിലപാടുകൾക്കൊപ്പം നിന്നിട്ടുള്ള നടിയാണ് ഹണി റോസ്. ജീവിതമാണെങ്കിലും ചെയ്യേണ്ട കഥാപാത്രങ്ങളാണെങ്കിലും വസ്ത്രധാരണമായാലും ഹണിക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഹണി റോസിന്റെ മനസിലൂടെ...
അഭിപ്രായം ചോദിക്കാറില്ല
വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ ആരോടും അഭിപ്രായം ചോദിക്കാറില്ല. എന്റെ കംഫർട്ടാണ് പ്രധാനം. നമുക്ക് ഓടിച്ചാടി നടക്കാൻ പറ്റുന്ന വേഷമാകണം. സാരി ഉടുത്താൽ ഒരിക്കലും അങ്ങനെ നടക്കാൻ കഴിയില്ല. അപ്പോൾ നമ്മുടെ നടത്തം ഉൾപ്പെടെയെല്ലാം കുഴുപ്പമാകും. ചുരിദാർ ധരിച്ചാൽ ഷാൾ ശരിയായിടുക തുടങ്ങിയ കുറെ സംഗതിയുണ്ട്. ജീൻസും കുറച്ച് ലൂസായ സലാല ടൈപ്പ് പാന്റ്സും ടോപ്പുമാണ് അധികവും ഉപയോഗിക്കുക. അത്തരം ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇതുവരെ മോശം കമന്റൊന്നും വന്നിട്ടില്ല. കൂടുതലും പോസിറ്റീവ് കമന്റാണ്. ഫോട്ടോ ഷൂട്ടിന് ചിലപ്പോൾ വളരെ മോഡേണായ കോസ്റ്റ്യും ഉപയോഗിക്കേണ്ടി വരും. അത് ഫേസ്ബുക്കിലോ മറ്റോ പോസ്റ്റ് ചെയ്താലും മുൻപത്തെപോലെ മോശം കമന്റ് വരാറില്ല.ആളുകളുടെ മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്.ചിലർക്ക് എന്നെ നാടൻ വേഷത്തിൽ കാണാനായിരിക്കും ഇഷ്ടം. മറ്റ് ചിലർക്ക് മോഡേൺ വേഷത്തിലും. ആരോഗ്യപരമായ വിമർശനങ്ങളാണ് കൂടുതലും ലഭിക്കുന്നത്.
കാലത്തിനനുസരിച്ച് മാറ്റമുണ്ടാകും
അങ്ങനെ കരുതുന്നില്ല. കാലം മാറി, ഇനിയും മാറിക്കൊണ്ടേയിരിക്കും. നമ്മുടെ അമ്മമാർ പോലും മാറിയല്ലോ.പഴയ കാലത്തെ സെറ്റും മുണ്ടും സാരിയും ബ്ളൗസുമൊക്കെ ഇപ്പോൾ എത്രപേർ ഉപയോഗിക്കുന്നുണ്ട്. എന്റെ അമ്മൂമ്മ ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത്. ഇപ്പോഴത്തെ അമ്മൂമ്മമാരിൽ ചട്ടയും മുണ്ടും ധരിക്കുന്നവർ കുറവാണ്. അവർ നൈറ്റിയും അതിന്റെ അടുത്തടുത്ത വേഷത്തിലേക്കും പോയി.എന്റെ അമ്മ പോലും സൽവാറും ചുരിദാറുമാണ് ഉപയോഗിക്കുന്നത്. അതാണ് സൗകര്യം. അല്ലാതെ സ്റ്റൈലിഷാവണം, മോഡേണാവണമെന്ന ഉദ്ദേശത്തിലല്ല അവർ പുതിയ വസ്ത്രധാരണ രീതിയിലേക്ക് മാറിയത്. സാരി ധരിക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരും. ഇപ്പോഴത്തെ കാലത്ത് മുണ്ടും ഷർട്ടും ധരിച്ച് നടക്കുന്ന എത്ര ആൺകുട്ടികളുണ്ട്.അവർ പാന്റ്സിലേക്കും ജീൻസിലേക്കും ബർമുഡയിലേക്കും മാറി. ആ മാറ്റം ഉൾക്കൊള്ളുക തന്നെ വേണം. ജീവിതം കുറെക്കൂടി എളുപ്പമാക്കാനുള്ള വഴിയാണ് മാറ്റങ്ങൾ.
എന്നുമൊപ്പം അവർ
അച്ഛനും അമ്മയ്ക്കും ഒറ്റ മോളാണ്. രണ്ടുപേരും എപ്പോഴും എന്റെയൊപ്പമുണ്ടാകും. രണ്ടുപേരോടും ഒരേ പോലെ അടുപ്പമാണ്. സിനിമയുടെയും ഡ്രസിന്റെയും കാര്യത്തിൽ അമ്മയോടാണ് ഉപദേശം തേടുന്നത്. അച്ഛന് യാത്രകൾ വലിയ ഇഷ്ടമാണ്. എവിടെയും എന്റെയൊപ്പം വരുന്നത് അച്ഛനാണ്. മൂലമറ്റമാണ് നാട്.അവിടെ ആയുർവേദിക് ബാത്ത് സ്ക്രബ് എന്ന സ്ഥാപനമുണ്ട്.അതിന്റെ കാര്യങ്ങൾ അമ്മയാണ് നോക്കുന്നത്. ഒറ്റമോളായത് കുട്ടിക്കാലത്ത് വലിയ പ്ലസാണെന്ന് തോന്നി. ഒരാളും കൂടിയുണ്ടായിരുന്നെങ്കിൽ രസമായിരുന്നേനെയെന്ന് കൂട്ടുകാർ പറയുമായിരുന്നു . അത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. എനിക്ക് മാത്രം കിട്ടേണ്ട സ്നേഹം സഹോദരങ്ങൾക്ക് വീതിച്ച് പോകും എന്നായിരുന്നു ചിന്ത. ഇപ്പോഴന്റെ ചിന്താഗതി മാറി. ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ അവരോട് ഒരുപാട് കാര്യങ്ങൾ ഷെയർ ചെയ്യാമായിരുന്നെന്ന് തോന്നുന്നു.
ആ നിർദേശം കേൾക്കും
സിനിമയിൽ മിക്കവരും അറിയുന്നവരാണ് . ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് വിനയൻ സാറിനെയാണ്. അദ്ദേഹത്തിന്റെ നിർദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകൾക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു. ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജർമാർ പ്രോജക്ട് കമ്മിറ്റ് ചെയ്യിക്കുക. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസിലാകുന്നത്. ചിലർ മാനസികമായി തളർത്താൻ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോഴാണെങ്കിൽ അങ്ങനെ സംഭവിക്കില്ല.
എല്ലാവർക്കും ഇടമുണ്ട്
എത്രപേർ വന്നാലും എല്ലാവർക്കും അവരുടേതായ ഇടമുണ്ടെന്ന് വിശ്വസിക്കുന്നു. കുറേ നാളുകളായി സിനിമ ചെയ്യുന്നവരുണ്ട്. അവർക്ക് ആഗ്രഹിച്ച പോലെ ഉയർച്ച ഉണ്ടാകണമെന്നില്ല. ചിലപ്പോൾ പെട്ടെന്നായിരിക്കും ഒരു സിനിമ അവരുടെ തലവര മാറ്റുന്നത്. എന്തും ഏതുസമയത്തും സംഭവിക്കാം. ഒരാൾ മോശമാണെന്നോ മറ്റൊരാൾ മികച്ചതാണെന്നോ പറയാൻ പറ്റില്ല. നല്ല സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് ഭാഗ്യമാണ്. കൃത്യസമയത്ത് കൃത്യമായി നമുക്കത് വന്നുചേരണം. കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. സിനിമയിൽ എത്തിയിട്ട് പതിന്നാലു വർഷമായി. പ്രതീക്ഷിച്ച ഉയരത്തിലെത്താൻ കഴിഞ്ഞില്ലെന്ന് കരുതി വേണമെങ്കിൽ സിനിമ ഉപേക്ഷിച്ച് പോകാമായിരുന്നു. നല്ല സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നത്. സിനിമയുടെ എണ്ണത്തിലല്ല കാര്യം.സിനിമ ഒരുപാട് ഇഷ്ടമാണ്. കഥാപാത്രമായി മാറാൻ പരമാവധി ശ്രമിക്കാറുണ്ട്. നല്ല കഥാപാത്രം വരണം, മികച്ച രീതിയിൽ അവതരിപ്പിക്കാനും കഴിയണം . ചങ്ക്സ് കഴിഞ്ഞ് കുറെ ഓഫറുകൾ വന്നു. എന്നാൽ ചെയ്ത റോളുകൾ ആവർത്തിക്കാൻ താത്പര്യമില്ല. അഭിനയ സാദ്ധ്യതയേറിയ വേഷം അവതരിപ്പിക്കാനാണ് ഇഷ്ടം. അതാണ് ഇടവേള സംഭവിച്ചത്.