തൃശൂർ: പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. വർഗീയചേരിതിരിവ് ഉണ്ടാക്കാനേ നിയമം ഉപകരിക്കൂവെന്നും നിയമത്തിന്റെ ബലത്തിൽ എന്തും കാണിക്കാമെന്ന ഹുങ്ക് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിർക്കും. നമ്മുടെ പൂർവികർ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയർന്നുവരുന്നേയില്ല. അച്ഛന്റെയോ മുത്തച്ഛന്റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്.
മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. എന്നാൽ ഇല്ലാത്ത പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് വിഭജിച്ച് നിറുത്താനാണ് ശ്രമം. അത്തരം ഇടപെടലുകളെ ചെറുക്കണം. രാജ്യത്തെ മുഴുവൻ ശക്തികളും ഇതിനെതിരെ പോരാടണം. സ്വതന്ത്രമായും നിർഭയമായും മാദ്ധ്യമപ്രവർത്തനം നടത്താനുളള അവസരമില്ലാതായിട്ടുണ്ട്. കോർപറേറ്റ് മൂലധനം ഈ മേഖലയെ സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് വലിയ ആപത്താണ്. പ്രതിസന്ധിയിലായ മാദ്ധ്യമ പ്രവർത്തന മേഖലയ്ക്ക് ന്യായമായ എല്ലാ സഹായങ്ങളും നൽകും. മാദ്ധ്യമപ്രവർത്തകരുടെ ജീവിതവും സർവീസും ഭദ്രമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, മുരളി പെരുനെല്ലി എം.എൽ.എ, മേയർ അജിത വിജയൻ, തേറമ്പിൽ രാമകൃഷ്ണൻ, തോമസ് ഉണ്ണിയാടൻ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ സ്വാഗതം പറഞ്ഞു.