-pm-modi

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലും അസാമിലും പ്രതിഷേധം തുടരുന്നു. പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സോണാവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയിൽ ചേർന്ന ബി.ജെ.പി എംപിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്.

പശ്ചിമബംഗാളിൽ പ്രക്ഷോഭകർ ഇന്നലെ ഒരു റെയിൽവേ സ്റ്റേഷനും ആളില്ലാത്ത അഞ്ച് ട്രെയിനുകളും നിരവധി കടകളും ബസുകളും പൊലീസ് വാഹനങ്ങളും കത്തിച്ചു.ഹൗറയിലെ സാങ്ക്രയിൽ നൂറുകണക്കിന് പ്രക്ഷോഭകരാണ് റെയിൽവേസ്റ്റേഷൻ കെട്ടിടത്തിന് തീയിട്ടത്. മുർഷിദാബാദിലെ ലാൽഗോള റെയിൽവേ സ്റ്റേഷനിൽ ആളില്ലാത്ത അഞ്ച് ട്രെയിനുകൾക്കും തീയിട്ടു.

ഇതിനിടെ അക്രമ സംഭവങ്ങൾ തുടർന്നാൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടേണ്ടി വരുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ വ്യക്തമാക്കി. ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഇവിടെയുള്ള സമാധാനം ആഗ്രഹിക്കുന്ന മുസ്‌ലിം വിഭാഗങ്ങളല്ല അക്രമം നടത്തുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള മുസ്‌ലിം നുഴഞ്ഞു കയറ്റക്കാരാണ് ഇവയ്‌ക്കെല്ലാം പിന്നിൽ. അക്രമം നടത്തരുതെന്നും പൊതുമുതൽ നശിപ്പിക്കരുതെന്നുമുള്ള മമതയുടെ പ്രസ്താവന പതിവ് പല്ലവി മാത്രമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.