ചെന്നെെ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. ഫാത്തിമയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കാനിരിക്കേയാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തമിഴ്‍നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‍തത്.
അതേസമയം, ഫാത്തിമയുടേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സഹപാഠികളുടെ പങ്കും പരിശോധിക്കണമെന്ന് ഫാത്തിമയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സെമസ്റ്റർ അവധിയായതിനാൽ വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
ഐ.ഐ.ടിയിലെത്തി തെളിവെടുപ്പ് നടത്തിയ തമിഴ്നാട് വനിതാ കമ്മിഷൻ ഫാത്തിമ ക്യാമ്പസിനകത്ത് ചൂഷണം നേരിട്ടോ എന്ന് വ്യക്തമായിട്ടില്ലെന്നാണ് നിലപാടെടുത്തിരുന്നത്. നേരത്തെ, മകളുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു.