anuradha-sriram

ഗായിക അനുരാധ ശ്രീറാം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളും ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അരുണാചല തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തളർന്നുവീഴാറായ തന്നെ സഹായിച്ച ഒരുകൂട്ടം യുവാക്കളെക്കുറിച്ചാണ് അനുരാധയുടെ കുറിപ്പ്.

'ആ യുവാക്കളെ ദൈവമാണ് അയച്ചത്. അരുണാചല തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള മലകയറ്റത്തിനിടെ കടുത്തചൂടിൽ ഞാനാകെ തളർന്നിരുന്നു. ഇനിയും ഒരുമണിക്കൂർ നടന്നാലെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയുള്ളു. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് ഞാൻ തളർന്ന് വീഴുമെന്ന് ഉറപ്പായിരുന്നു. ആ സമയത്താണ് ഒരു കൂട്ടം യുവാക്കൾ എനിക്കരികിലേക്ക് വന്നത്. അവർ എനിക്കും മറ്റ് തളർന്നിരിക്കുന്ന തീർത്ഥാടകർക്കും വെള്ളവും ഗ്ലൂക്കോസും നൽകി. അവരുടെ സ്നേഹവും കരുതലും കൊണ്ടാണ് തീർത്ഥാടനം പൂർത്തിയാക്കാൻ എനിക്ക് സാധിച്ചത്'-അനുരാധ കുറിച്ചു. കുറിപ്പിനൊപ്പം യുവാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും അനുരാധ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.