sabarimala

ശബരിമല: തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പൊലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ഹോര്‍ലിക്‌സും, ബിസ്‌കറ്റും പഴവുമെല്ലാം നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. പതിനെട്ടാംപടിയിലെ ജോലിയാണ് സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് പതിനെട്ടാംപടിയിലെ പൊലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ എന്തെങ്കിലും നല്‍കണം എന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ നിര്‍ദേശിച്ചത്.

ഹോർലിക്‌സും ബിസ്‌കറ്റും പൊലീസ് മെസിലേക്ക് ദേവസ്വം ബോർഡ് കൈമാറും. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഴം അടക്കമുള്ളവ നല്‍കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. 10 പൊലീസുകാർ വീതമാണ് ഒരേസമയം ഈ ജോലി ചെയ്യുന്നത്. തുടർച്ചയായി 20 മിനിറ്റിലധികം ജോലി ചെയ്യാനാകില്ല. 20 മിനിറ്റ് കൂടുംതോറും പൊലീസുകാര്‍ മാറി വരും. നാല് മണിക്കൂറാണ് ഓരോ ഗ്രൂപ്പിനും പതിനെട്ടാംപടിയിലെ ഡ്യൂട്ടി. എ.ആർ. ക്യാമ്പിൽനിന്നുള്ള ചെറുപ്പക്കാരെയാണ് പതിനെട്ടാംപടിയിൽ നിയോഗിക്കുന്നത്. തിരക്കേറിയ സമയത്ത് സ്വാമിമാരെ വേഗത്തിൽ പടികയറാൻ സഹായിക്കണം. ഒരു മിനിറ്റിൽ 90 പേർ പതിനെട്ടാംപടി കയറി മാറണം. അല്ലെങ്കിൽ പമ്പ വരെ ക്യൂ വരും.