ചങ്ക്സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മേഡ് ഇൻ ചൈന,റിംഗ് മാസ്റ്റർ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികൾ സുപരിചിതയായ നടിയാണ് ഹണി റോസ്. ജീവിതമാണെങ്കിലും ചെയ്യേണ്ട കഥാപാത്രങ്ങളാണെങ്കിലും വസ്ത്രധാരണമായാലും ഹണിക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഇപ്പോഴിതാ ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അതിനെക്കുറിച്ച് അറിയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി റോസ്.
'സിനിമയിൽ മിക്കവരും അറിയുന്നവരാണ്. ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് വിനയൻ സാറിനെയാണ്. അദ്ദേഹത്തിന്റെ നിർദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകൾക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു. ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജർമാർ പ്രോജക്ട് കമ്മിറ്റ് ചെയ്യിക്കുക. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസിലാകുന്നത്. ചിലർ മാനസികമായി തളർത്താൻ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോഴാണെങ്കിൽ അങ്ങനെ സംഭവിക്കില്ല'- ഹണി റോസ് പറഞ്ഞു.