letter

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ താൻ തൂക്കിലേറ്റാമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി അന്താരാഷ്​ട്ര ഷൂട്ടിങ്​ താരം വർത്തിക സിങ്​​. നാലു പ്രതികൾക്കും താൻ വധശിക്ഷ നടപ്പാക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വന്തം രക്തത്തിൽ ആഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ കത്തെഴുതികൊണ്ട് വർത്തിക രംഗത്തെത്തിയത്​. ഇന്ത്യയിൽ ബലാത്സംഗത്തിനിരയായ ഒരോ ​വനിതകൾക്കും വേണ്ടി നിർഭയ കേസ്​ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്നാണ് വർത്തിക ആവശ്യപ്പെട്ടിരിക്കുന്നത്. ‘'നിർഭയ കേസ്​ പ്രതികളെ ഞാൻ തൂക്കിക്കൊല്ലാം’' എന്ന് പറഞ്ഞുകൊണ്ട് ഒരോ സ്ത്രീയും തന്റെ ശബ്ദം ഉയർത്തണമെന്നും വർത്തിക പറയുന്നു.

ഈ സ​ന്ദേശം വനിത എം.പിമാരും താരങ്ങളും ഏറ്റെടുക്കണമെന്നും വർത്തിക മാദ്ധ്യമങ്ങളോടായി പ്രതികരിച്ചു. നിർഭയ കേസിലെ പ്രതികളെ ഉടൻ തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് രാജ്യത്താകമാനം ശബ്ദം ഉയരുന്ന വേളയിലാണ് വർത്തിക തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 2012, ഡിസംബർ 16നാണ് ഡൽഹിയിൽ, പിന്നീട് 'നിർഭയ' എന്ന പേരിൽ അറിയപ്പെട്ട പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചത്. ഇതിൽ നാലുപേർ ഇപ്പോൾ തിഹാർ ജയിലിലാണ്. ഇതിൽ രാംസിംഗ് എന്ന മുഖ്യപ്രതി ആത്മഹത്യ ചെയ്തിരുന്നു.