governor

കൊച്ചി: പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഒരു സമുദായത്തെ ലക്ഷ്യംവെച്ചിട്ടുള്ളതല്ല പൗരത്വ ഭേദഗതി.ഭരണഘടന അനുസരിച്ച് കേന്ദ്രനിയമം അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട.രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങൾക്ക് എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്'-ഗവർണർ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും നാളെ സംയുക്ത പ്രക്ഷോഭം നടത്താനിരിക്കുകയാണ്.രാവിലെ 10 മണിമുതൽ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സംയുക്ത പ്രതിഷേധം നടക്കുക.

പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു. വർഗീയചേരിതിരിവ് ഉണ്ടാക്കാനേ നിയമം ഉപകരിക്കൂവെന്നും നിയമത്തിന്റെ ബലത്തിൽ എന്തും കാണിക്കാമെന്ന ഹുങ്ക് നല്ലതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.