ഇന്ത്യൻ പൗരത്വ നിയമത്തിൽ ( 1955 ) ഭേദഗതി വരുത്തിക്കൊണ്ട് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ളിങ്ങൾ ഒഴികെയുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം, ഇന്ത്യ എന്ന ആശയത്തിനു തന്നെ വെല്ലുവിളിയാണ്. ഇന്ത്യയെ ഇന്ത്യയായും നമ്മളെ ഇന്ത്യാക്കാരായും നിലനിറുത്തുന്നത് നമ്മുടെ ഭരണഘടനയാണ്. WE the people of India എന്ന വാചകത്തിലാണ് ഭരണഘടന തുടങ്ങുന്നത് തന്നെ. Indianness എന്ന നമ്മുടെ പൗരത്വബോധം, WE അഥവാ നമ്മൾ എന്ന ഈ വാക്കിൽ ഭരണഘടന ശില്പികൾ കൊത്തി വെച്ചിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന ബോധത്തിൽ മതവിദ്വേഷത്തിന്റെ വിഷം കലർത്തി, നമ്മൾ (WE) എന്ന ഇന്ത്യക്കാരെ നമ്മൾ എന്നും നിങ്ങൾ എന്നുമായ ദ്വന്ദ (Duality) ബോധത്തിന്റെ പിളർപ്പിലേക്ക് തള്ളിവിടുകയാണ് മോദി- അമിത് ഷാ കൂട്ടുകെട്ട്, ഈ കരിനിയമത്തിലൂടെ ചെയ്യുന്നത്. സത്യത്തിൽ (WE) എന്ന ഈ ബോധം തന്നെ വൈകാരികമായി ഒരു variable ആണ്, യുദ്ധം പോലുള്ള സമയങ്ങളിൽ അതിന്റെ സാന്ദ്രത കൂടുകയും, കുടിയൊഴിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ, അത് വളരെയധികം കുറയുകയും ചെയ്യുന്നു. ഇവിടെ 20 കോടിയോളം വരുന്ന ഒരു ജനസമൂഹത്തെ ഒറ്റപ്പെടുത്തുന്ന ഈ നിയമം വഴി, നമ്മൾ എന്ന ഈ ഭരണഘടനാബോധം ഇന്ത്യാചരിത്രത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് ഭരണഘടനാ അപചയമാണ്, ഇന്ത്യ എന്ന ആശയത്തിന്റെ ഉന്മൂലനമാണ്.
ജനാധിപത്യവും മതേതരത്വവും ഇരട്ടപെറ്റ മക്കളാണെന്നാണ് പണ്ഡിറ്റ് നെഹ്റു എപ്പോഴും പറയാറുണ്ടായിരുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കണമെങ്കിൽ അതിന് മതേതരമായ ഒരു സാമൂഹ്യഘടന ഉണ്ടെങ്കിലേ കഴിയൂ. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവർ ആദ്യം തകർക്കുന്നത് നമ്മുടെ മതേതര സംവിധാനത്തെയാണ്. കാരണം മതേതരത്വം ഇല്ലാതായാൽ ജനാധിപത്യം എന്നത് കരയ്ക്ക് പിടിച്ചിട്ട മീനപ്പോലെയാണ്. അത് സ്വാഭാവികമായി ഇല്ലാതാകും. സംഘപരിവാറിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും അതുതന്നെയാണ്. ഇതിനായി, പണ്ട് ഹിറ്റ്ലറും, ഗീബൽസും ചെയ്തതു പോലെ പെരുംനുണകളുടെ ഹിമാലയമാണ് പാർലമെന്റിനകത്തും, പുറത്തും സൃഷ്ടിച്ചത്. രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസാണെന്ന പച്ചക്കള്ളം ഒരു ഉളുപ്പുമില്ലാതെ പാർലമെന്റിൽ അമിത് ഷാ തട്ടിവിടുകയായിരുന്നു. ദ്വിരാഷ്ട്ര വാദം ആദ്യമുന്നയിച്ചത് ഹിന്ദുമഹാസഭയായിരുന്നു. 1923 ൽ എഴുതിയ ഹിന്ദുത്വ എന്നു പേരുള്ള പ്രബന്ധത്തിലാണ് ആദ്യമായി ഹിന്ദുക്കളും മുസ്ളിംങ്ങളും രണ്ട് രാഷ്ട്രങ്ങളാണെന്ന് വി.ഡി സവർക്കർ പ്രഖ്യാപിച്ചത്. 1925 ൽ സ്ഥാപിതമായ ആർ.എസ്.എസ് ആകട്ടെ ഹിന്ദുരാഷ്ട്രം എന്ന തങ്ങളുടെ ആശയം പകർത്തിയത് സവർക്കറുടെ ഈ പ്രബന്ധത്തിൽ നിന്നുമായിരുന്നു. അതിന് കൃത്യം പതിനാറ് വർഷങ്ങൾക്ക് ശേഷം മുഹമ്മദാലി ജിന്ന ഹിന്ദു മഹാസഭയുടെ ഈ ആശയം ഏറ്റെടുത്തു. അതേസമയം ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി അവസാനം നിമിഷം വരെ ദ്വിരാഷ്ട്ര വാദത്തിന് എതിരായിരുന്നു. ഹിന്ദുക്കളും മുസ്ളിങ്ങളും ഇന്ത്യയെന്ന ശരീരത്തിലെ രണ്ടുകണ്ണുകളാണ്. ഒരു കണ്ണിന് എങ്ങിനെ മറ്റൊരു കണ്ണിന്റെ ശത്രുവാകാൻ കഴിയുമെന്നാണ് ഗാന്ധിജി ചോദിച്ചത്.
ഒരു കാര്യം വ്യക്തമാണ്, ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തെയാണ്, ആ സമരം ഉയർത്തിയ മഹത്തായ ആശയങ്ങളെയാണ് മോദിയും അമിത്ഷായും കൂടി ഈ ഒറ്റ ബില്ലിലൂടെ റദ്ദ് ചെയ്ത് കളഞ്ഞത്. ഇന്ത്യയുടെ മതേതര സ്വഭാവം നിലനിറുത്താൻ, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ, വൈവിദ്ധ്യങ്ങളെ പരിപോഷിപ്പിക്കാൻ, എല്ലാത്തിലുമുപരി, ഇന്ത്യ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യാതിരിക്കാൻ, നമ്മൾ (WE THE PEOPLE) ഒരുമിക്കണ്ട കാലമാണിത്. ആ ഒരുമയുടെ കാഴ്ചയാണ് ഡൽഹിയിൽ രാംലീല മൈതാനിയിൽ നാം കണ്ടത്. ഈ കാലഘട്ടത്തിൽ ഉയർത്തണ്ട മുദ്രാവാക്യമാണ്, രാഹുൽ ഗാന്ധി അവിടെ ഉയർത്തിയത് ഞാൻ സവർക്കറല്ല, ഞാൻ ഗാന്ധിയാണ് എന്നത്. ഇന്ത്യ മുഴുവൻ ഈ മുദ്രാവാക്യം എറ്റെടുക്കും എന്നാണ് എന്റെ പ്രതീക്ഷ,
കാരണം സവർക്കറല്ല, ഗാന്ധിയാണ് ശരി. അനതിസാധാരണമായ ഒരു ഘട്ടമാണിത്. ഇവിടെ അനതിസാധാരണമായ നിലപാടുകളും, കൂട്ടായ്മകളും, സമരരീതികളും ആവശ്യം വരും. അതുകൊണ്ട് തന്നെയാണ്, നിരവധി വിഷങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, രാഷ്ട്രത്തിന്റെ നിൽനിൽപ്പ് തന്നെ ചോദ്യം ചെയ്യപെടുന്ന ഈ സമയത്ത്, കേരളത്തിൽ സംസ്ഥാന സർക്കാരിനൊപ്പം, പ്രതിപക്ഷവും ചേർന്ന് ഒരു സംയുക്ത സമരത്തിനു യു.ഡി.എഫ് തയാറായത്. ഇതോടൊപ്പം, ഇന്ത്യൻ നാഷണൽ കോൺഗ്രസും, മുസ്ളിം ലീഗ് അടക്കമുള്ള മതേതര ജനാധിപത്യ കക്ഷികളും ബില്ലിനെതിരെ നിയമ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഈ കേസിൽ ഞാനും കക്ഷി ചേരുകയാണ്.
രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാൻ, രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണം. ഏതെങ്കിലും മതവിഭാഗത്തിന് വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഇന്ത്യക്കാർ നടത്തുന്ന സമരമാണിത്. ഇതിൽ നമ്മൾ വിജയിച്ചാലേ ഇന്ത്യ അതിജീവിക്കൂ. നമ്മുടെ രാഷ്ട്രത്തിന്റ അതിജീവനത്തിനായി നമുക്കൊരുമിക്കാം.