ആൻസി സോജന് റിലേയിലുൾപ്പെടെ നാല് സ്വർണം, മീറ്റിലെ മികച്ച താരം
സംഗ്രൂർ: കൊടും തണുപ്പിനെയും മഹാരാഷ്ട്രയുടേയും ഹരിയാനയുടെയും കടുത്ത വെല്ലുവിളിയേയും മറികടന്ന് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളം ഓവറാൾ ചാമ്പ്യന്മാരായി. സംഗ്രൂറിലെ വാർ ഹീറോ സ്റ്രേഡിയത്തിൽ സീനിയർ താരങ്ങളുടെ അവസാന രണ്ട് ദിനങ്ങളിലെ മിന്നൽക്കുതിപ്പാണ് കേരളത്തിന് തുടർച്ചയായ ഇരുപതാം തവണയും ഓവറാൾ കിരീടം നേടിക്കൊടുത്തത്. മൂന്ന് വർഷത്തിന് ശേഷമാണ് ദേശീയ സ്കൂൾ അത്‌ലറ്രിക് മീറ്ര് ഒറ്ര ചാമ്പ്യൻഷിപ്പായി നടത്തുന്നത്. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആകെ 273 പോയിന്റ് നേടിയാണ് അറുപത്തിയഞ്ചാം ദേശീയ സ്കൂൾ അത്‌ലറ്രിക് മീറ്രിൽ കേരളത്തിന്റെ കിരീടധാരണം. 247 പോയിന്റോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 241 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സീനിയർ വിഭാഗത്തിൽ 8 സ്വർണവും 6 വെള്ളിയും 10 വെങ്കലവുമുൾപ്പെടെ 159 പോയിന്റ് നേടിയാണ് കേരളം ചാമ്പ്യന്മാരായത്. 114 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 107 പോയിന്റോടെ ഹരിയാന മൂന്നാം സ്ഥാനവും നേടി. സീനിയർ പെൺകുട്ടികളിലും കേരളമാണ് ചാമ്പ്യന്മാർ 101 പോയിന്റാണ് കേരളത്തിന്റെ പെൺപട സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് 61 പോയിന്റേ നേടാനായുള്ളൂ. ആൺകുട്ടികളിൽ 68 പോയിന്റ് നേടിയ മഹാരാഷ്ട്രയാണ് ഒന്നാമത്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനം നേടി. ലോംഗ്ജമ്പിലെ റെക്കാഡും 4x100 മീറ്രർ റിലേയുൾപ്പെടെ നാല് സ്വർണം നേടിയ ആൻസി സോജൻ സീനിയർ പെൺകുട്ടികളിലെ മികച്ച താരമായി. 110 മീറ്രർ ഹർഡിൽസിൽ റെക്കാഡോടെ സ്വർണം നേടിയ മഹാരാഷ്ട്രയുടെ ഷിർസെ തേജസാണ് ആൺകുട്ടികളിലെ മികച്ച താരം. സീനിയറിലെ 15 ഉൾപ്പെടെ മീറ്രിലാകെ 33 റെക്കാഡുകൾ പിറന്നു.
അവസാന രണ്ട് ദിനത്തെ മിന്നൽക്കുതിപ്പ്
ഡിസംബർ 3 മുതൽ 7 വെരെ നടന്ന സബ് ജൂനിയർ, ജൂനിയർ മത്സരങ്ങൾ അവസാനിക്കുമ്പോൾ തണുപ്പിനോടും പ്രായത്തട്ടിപ്പിനോടും പടവെട്ടി ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു കേരളം. തണുപ്പിനൊപ്പം മഴകൂടിയെത്തിയതും ഹരിയാന, മഹാരാഷ്ട്ര, കർണാടക താരങ്ങളുടെ പ്രകടനവും പതിനൊന്നു മുതൽ തുടങ്ങിയ സീനിയർ മീറ്രിൽ പ്രതീക്ഷയോടെയെത്തിയ കേരളത്തെ തുടക്കത്തിൽ പ്രതിസന്ധിയിലാക്കി. ആദ്യ മൂന്ന് ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ സീനിയർ വിഭാഗത്തിലും ഓവറാളിലും മൂന്നാം സ്ഥാനത്തായിരുന്നു കേരളം. എന്നാൽ നാലാം ദിനം കഥമാറി. പതിവിന് വിപരീതമായി മാനം തെളിഞ്ഞ ദിനത്തിൽ 4 വീതം സ്വർണവും വെള്ളിയും 5 വെങ്കലവുമുൾപ്പെടെ 80 പോയിന്റ് നേടി കേരളം സീനിയറിലും ഓവറാളിലും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു. അവസാന ദിനം നടന്ന ആറ് ഫൈനലുകളിൽ നിന്നായി 2 വീതം സ്വർണവും വെള്ളിയും വെങ്കലവും നേടിയതോടെ കിരടം കേരളത്തിന്റെ കൈപ്പിടിയിലായി.
നേരത്തേ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മൂന്ന് സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമായിരുന്നു കേരളത്തിന് നേടാനായത്.
കേരള പഞ്ചാബി ഭായ് ഭായ്
കേരളത്തിന്റെ കിരീട നേട്ടം ആഘോഷിക്കാൻ പാട്ടും ഡാൻസുമായി പഞ്ചാബികളും ഒപ്പം കൂടിയത് സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണമായി. റിലേ മത്സരങ്ങൾ കഴിഞ്ഞതോടെ കിരീടം ഉറപ്പിച്ച കേരളത്തിന്റെ താരങ്ങളും ഒഫീഷ്യൽസും വിക്ടറി ലാപ്പും മുദ്രാവാക്യങ്ങളുമായി ആഘോഷും തുടങ്ങിയപ്പോൾ സ്റ്രേഡിയത്തിൽ സംഘാടനച്ചുമതലയുള്ളവരുൾപ്പെടെയുള്ള പഞ്ചാബികൾ ഹിന്ദിസിനിമാഗാനങ്ങൾ സ്റ്രേഡിയത്തിലെ മൈക്കിലൂടെ ഉച്ചത്തിലിട്ട് നൃത്തച്ചുവടുകളുമായി കേരളത്തിന്റെ ആഘോഷത്തിൽ പങ്കുചേരുകയായിരുന്നു. ആൻസി സോജൻ ഉൾപ്പെടെയുള്ളവരെ അഭിനന്ദിച്ച് സെൽഫികളുമെടുത്താണ് അവർ മടങ്ങിയത്. സാധാരണയായി മറ്റ് സ്ഥലങ്ങളിൽ ഇല്ലാത്ത വിധം മികച്ച പിന്തുണയാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർ ഹിറോ സ്റ്രേഡിയത്തിൽ കേരള താരങ്ങൾക്ക് ലഭിച്ചത്.