hus-and-wife

മുംബയ്:വസ്ത്രധാരണത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ. മുംബയിലെ കല്യാണിലാണ് സംഭവം. സുധീർ(32)​ എന്ന യുവാവാണ് ഭാര്യ സുജാതയെ ജീൻസും ടീഷർട്ടും ധരിച്ചതിന് പൊതിരെ തല്ലിയത്. ഇത്തരം വേഷങ്ങൾ സുജാത ധരിക്കുന്നത് സുധീറിന് ഇഷ്ടമല്ലായിരുന്നു.

ഒരു മാളിലെ ജീവനക്കാരിയാണ് സുജാത. ഭർത്താവിന്റെ താൽപര്യമില്ലായ്മ കാര്യമാക്കാതെ ഒരു ജീൻസ് വാങ്ങി ജോലി കഴിഞ്ഞ് വരുമ്പോൾ അത് ധരിച്ച് വീട്ടിലെത്തി. ഭാര്യയെ കണ്ട് സുധീർ ആദ്യം അമ്പരന്നു. പിന്നെ വാക്കേറ്റവും തല്ലുമായി. അടിയേറ്റ് ബോധരഹിതയായ ഭാര്യ മരിച്ചെന്ന് കരുതി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. എന്നാൽ നിലവിളി കേട്ട് വീട്ടിൽ എത്തിയ അയൽവാസികൾ സുജാതയെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവന് ആപത്തൊന്നും ഉണ്ടായില്ല. അതേസമയം ഗാർഹിക പീഡനത്തിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.