തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 17ന് പ്രഖ്യാപിച്ച ഹർത്താലിനെതിരെ സി.പി.എം രംഗത്തെത്തി. ഹര്‍ത്താല്‍ ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണെന്നും സി.പി.എം പ്രതികരിച്ചു. ഏറ്റവും വിശാലമായ ജനകീയ ഐക്യം കൊണ്ട് മാത്രമേ പൗരത്വ ഭേദഗതി നിയമത്തെ നേരിടാനാകൂവെന്നും ഇതിനിടെ ചില സംഘടനകള്‍ മാത്രം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കില്ലെന്നും സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി.
പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ്. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താൽപര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സി.പി.എം പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം കടുത്ത വര്‍ഗീയ വിഭജനമാണെന്നും സി.പി.എം വ്യക്തമാക്കി. അതുവഴി രാഷ്ട്രീയ നേട്ടുമുണ്ടാക്കാമെന്ന ആര്‍.എസ്.എസ് – ബി.ജെ.പി വര്‍ഗീയ കണക്കുകൂട്ടല്‍ മതേതര ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യത്തിന് അന്ത്യം കുറിക്കുന്നതിലേക്കാണ് ചെന്നെത്തുക.
ഡിസംബർ 17ന് നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് യൂത്ത് ലീഗും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. ചില സംഘടനകളും വ്യക്തികളും ഡിസംബർ 17ന് പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധമില്ലെന്നും പ്രചരണ പ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളികളാകരുതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.