വാഹന രംഗത്ത് ഇനിയങ്ങോട്ട് ബി.എസ്-6 അഥവാ ഭാരത് സ്‌റ്റേജ് -6ന്റെ കാലമാണ്. 2020 ഏപ്രിൽ ഒന്നുമുതൽ ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്ന വണ്ടികളേ വില്ക്കാവൂ എന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. മിക്ക വാഹന നിർമ്മാതാക്കളും ഇപ്പോഴേ ബി.എസ്-6 അധിഷ്‌ഠിത വാഹനങ്ങളുടെ നിർമ്മാണത്തിലേക്കും വില്പനയിലേക്കും കടന്നുകഴിഞ്ഞു.
ടി.വി.എസും ബി.എസ്-6 ചട്ടം പാലിക്കുന്ന പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ്; പുതിയ ടി.വി.എസ് അപാചേ ആർ.ടി.ആർ 160 4വി. ബി.എസ്-6 ചട്ടങ്ങൾക്ക് അനുസൃതമായി, ബൈക്കിന്റെ എൻജിൻ ടി.വി.എസ് മൊത്തത്തിൽ പരിഷ്‌കരിച്ചിട്ടുണ്ട്. ഇത്, ബൈക്കിന് മികച്ച പെർഫോമൻസും ഇന്ധനക്ഷമതയും ഉറപ്പാക്കുന്നു എന്ന മികവുമുണ്ട്. എൻജിനിൽ മാത്രമല്ല, ബൈക്കിന്റെ രൂപകല്‌പനയിലും ഒട്ടേറെ പുതുമകൾ കാണാം.
പൂർണമായും എൽ.ഇ.ഡിയാൽ സജ്ജമായ ഹെഡ്‌ലാമ്പാണ് പ്രധാന മാറ്റവും മുഖ്യ ആകർഷണവും. ഇതോട് ചേർത്ത്, ഡേടൈം റണ്ണിംഗ് ലൈറ്റ് പ്രത്യേക ഡിസൈനിൽ സ്ഥാപിച്ചതും ഭംഗിയാണ്. റേസിംഗ് ബൈക്കുകളുടെ അനുസ്‌മരിപ്പിക്കുന്ന ഇന്ധന ടാങ്കിൽ പുതിയതും അഴകുള്ളതുമായ ഗ്രാഫിക്‌സ് ഇടംപിടിച്ചു. ഡ്യുവൽ-ടോൺ സീറ്റും ഇതിനോട് നീതി പുലർത്തുന്നു. ബ്ളൂടൂത്ത് കണക്‌ടിവിറ്റിയോട് കൂടിയ, പുതിയ എൽ.സി.ഡി ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ ബൈക്കിന് പ്രീമിയം ഭാവവും ഉറപ്പാക്കുന്നു.
8,250 ആർ.പി.എമ്മിൽ 15.8 ബി.എച്ച്.പി കരുത്തുള്ളതാണ് 159.7 സി.സി എൻജിൻ. റേസ് - ട്യൂൺഡ് ഫ്യുവൽ ഇൻജക്‌ഷൻ ടെക്‌നോളജിയോട് കൂടി ഒരുക്കിയ എൻജിന്റെ പരമാവധി ടോർക്ക് 7,250 ആർ.പി.എമ്മിൽ 14.12 ന്യൂട്ടൺ മീറ്റർ (എൻ.എം). 5-സ്പീഡ് ഗിയർ ബോക്‌സാണ് നൽകിയിട്ടുള്ളത്. മുൻഗാമിയെ അപേക്ഷിച്ച്, കരുത്തിലും ടോർക്കിലും അല്പം കുറവുണ്ടെങ്കിലും റൈഡിംഗിൽ അത് പ്രകടമല്ലെന്നത് അപാചേ ആർ.ടി.ആർ 160 4വിയുടെ സവിശേഷതയാണ്.
മികച്ച റൈഡിംഗ് അനുഭവം നൽകുന്ന പുതിയ അപാച്ചേയുടെ ബ്രേക്കിംഗും നിലവാരം പുലർത്തുന്നു. ശ്രേണിയിലെ ഏറ്റവും മികച്ച ബൈക്കുകളിൽ ഒന്നായി നിലനിൽക്കാൻ ഈ മികവുകൾ പുതിയ അപാച്ചേയ്ക്ക് ധാരാളമാണ്. സിംഗിൾ ചാനൽ സൂപ്പർ-മോട്ടോ എ.ബി.എസ് യൂണിറ്റാണ് ബ്രേക്കിംഗ് മികവുറ്റതാക്കുന്നത്. ഡ്രം ബ്രേക്ക് വേർഷന് 99,950 രൂപയും ഡിസ്‌ക് ബ്രേക്ക് വേർഷന് 1.03 ലക്ഷം രൂപയുമാണ് ആരംഭവില. ശ്രേണിയിലെ ഏതിരാളികൾക്കും ഏതാണ് ഇതേ വിലയായതിനാൽ, ഇക്കാര്യത്തിൽ അപാചേ ആർ.ടി.ആർ 160 4വിന് ഭീഷണിയില്ല. ബി.എസ്-6 എൻജിനും പുതിയ ഫീച്ചറുകളാണ് വില അല്പം ഉയരാൻ കാരണം. കറുപ്പ്, ചുവപ്പ്, നീല നിറഭേദങ്ങളിൽ ബൈക്ക് ലഭിക്കും.