രാജ്‌കോട്ട്: പൊടിമീശ മുളയ്ക്കുന്ന പ്രായത്തിൽ ഹസൻ സഫീൻ പൊലീസ് അസി. സൂപ്രണ്ട് ആയി ചാർജെടുക്കുമ്പോൾ അത് രാജ്യത്തെ ഐ.പി.എസിൽത്തന്നെ ചെറുപ്പത്തിന്റെ ചരിത്രമാണ്. വയസ് ഇരുപത്തിരണ്ടേയുള്ളൂ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസർ. 23 ന് എ.എസ്.പി ആയി ചുമതലയേല്ക്കുന്ന ഹസന്റെ നേട്ടത്തിന് പിന്നിൽ മകന്റെ ഫീസിനു പണം തികയാഞ്ഞ്, അടുത്തുള്ള കടകളിൽ വില്പനയ്‌ക്കു കൊടുക്കാൻ രാത്രി മുഴുവനുമിരുന്ന് ചപ്പാത്തി പരത്തിയ ഒരു അമ്മയുടെ കഥയുണ്ട്. ഒപ്പം, ഹസനു സഹായവുമായി കൂടെനിന്ന ഒരു ഗ്രാമത്തിന്റെ സ്‌നേഹത്തിന്റെ കഥയും!
ഗുജറാത്തിലെ പാലൻപൂരിനടുത്ത് കനോദർ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ്
ഹസൻ ജനിച്ചത്.അച്ഛൻ മുസ്തഫ ഹസനും അമ്മ നസീം ബാനുവും ഗ്രാമത്തിലെ ചെറിയൊരു വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു. വജ്രഖനിയിലെ തീരെക്കുറഞ്ഞ ദിവസക്കൂലിയിൽ നിന്ന് ഒരിക്കൽപ്പോലും ഒരു പുഞ്ചിരിയുടെ തിളക്കം കണ്ടെത്താനാകാതിരിക്കുമ്പോഴും, മുസ്തഫയ്ക്കും നസീം ബാനുവിനും ആശ്വാസവും അഭിമാനവും ആയിരുന്നത് പഠനത്തിലെ മകന്റെ മിടുക്കാണ്. അതു തിരിച്ചറിഞ്ഞ സ്‌കൂൾ അധികൃതരും അയൽക്കാരും തുടക്കംതൊട്ടേ തുണയായി കൂടെയുണ്ടായിരുന്നു.
എങ്കിലും മറ്റുള്ളവരെ അധികം ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി നസീം ബാനു പാതിരാ കഴിയുമ്പോഴേക്കും ഉണർന്നിരുന്ന് ചപ്പാത്തി പരത്തിത്തുടങ്ങും. നേരും വെളുക്കും മുമ്പ് അടുത്തുള്ള കടകളിലെത്തിക്കണം. ഇരുന്നൂറു കിലോ മാവിനു വരെ ചപ്പാത്തിയുണ്ടാക്കിയ ദിവസങ്ങൾ. ഐ.എ.എസ് ആയിരുന്നു ഹസന്റെ മനസിൽ. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ഗ്രാമസഭയിൽ പങ്കെടുക്കാൻ അംഗരക്ഷകരുടെ അകമ്പടിയോടെ എത്തിയ ജില്ലാ കളക്ടറുടെ രൂപം ഹസന്റെ മനസിൽ നിന്ന് മാഞ്ഞതേയില്ല.
2018 ൽ ഹസൻ സിവിൽ സർവീസ് പരീക്ഷയെഴുതിയത് ഐ.എ.എസ് ലക്ഷ്യമിട്ടാണെങ്കിലും 570-ാം റാങ്കുകാരനു കിട്ടിയത് ഐ.പി.എസ് സെലക്ഷൻ. നിരാശനാകാതെ കഴിഞ്ഞ തവണ വീണ്ടും പരീക്ഷയെഴുതിയെങ്കിലും രണ്ടാംവട്ടവും ഐ.പി.എസിനു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഹസനു തോന്നി- കാത്തിരിക്കുന്നത് എന്തിന്? ആ തീരുമാനം ഐ.പി.എസ് ചരിത്രത്തിലെ തന്നെ പുതിയ അദ്ധ്യായമാകുമ്പോൾ ഹസൻ സഫീൻ എന്ന പേര് ഇപ്പോൾ ജന്മനാടിന്റെ മേൽവിലാസം കൂടിയാകുന്നു.