തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ ആറ് പേർ മരിച്ചു. ആലപ്പുഴ,തൃപ്പൂണിത്തുറ,കാസർകോട് എന്നിവടങ്ങളിലാണ് അപകടമുണ്ടായത്. മഞ്ചേശ്വരം കുഞ്ചത്തൂർ പത്താം മൈലിൽ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ കാസർകോട് കൂടൽ സ്വദേശികളായ സുനിൽ(21),ജഗദീഷ്(22) എന്നിവരാണ് മരിച്ചത്.
ആലപ്പുഴയിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു. ആലപ്പുഴ കളപ്പുര ജംഗ്ഷനിലാണ് സംഭവം. കെ.എൽ.40 എ 1064 നന്പർ ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോകുകയായിരുന്ന ലോറി ബ്രേക്കിട്ടപ്പോൾ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നിൽ വന്ന ബസും ഇവരെ ഇടിച്ചു.
തൃപ്പൂണിത്തുറ ഇരുമ്പനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച്, കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഷൈല,അമ്മ ബിൽക്കിസ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഷൈലയുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.