parasinikadavu-rape-case

ല‌ക്‌നൗ: ഉത്തർപ്രദേശിൽ ബന്ധു മാനഭംഗം ചെയ്ത് തീകൊളുത്തിയ പതിനെട്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ മേവാലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ കാൺപൂരിലെ ലാലാ ലജ്പത് റായി ആശുപത്രിയിലാണുള്ളത്.

പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് മേവാലാൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം ഇരുവരുടെയും വീടിന് സമീപം നടന്ന നാട്ടുപഞ്ചായത്തിൽ വിവാഹവിഷയം ചർച്ച ചെയ്തിരുന്നു. മേവാലാൽ പെൺകുട്ടിയുടെ അമ്മാവനായതിനാൽ, പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു. തുടർന്ന് രണ്ടുവർഷത്തേക്ക് മേവാലാലിനെ ഗ്രാമത്തിന് പുറത്താക്കാനും പെൺകുട്ടിയുടെ വിവാഹത്തിന് ശേഷം തിരിച്ചുവരാനും തീരുമാനമെടുത്തു. മേവാലാലിന്റെ വീട്ടുകാരും ഇത് അംഗീകരിച്ചു. എന്നാൽ ഈ സമയം മതിലുചാടി പെൺകുട്ടിയുടെ വീട്ടിലെത്തിയ മേവാലാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന തന്നെ പീഡിപ്പിച്ചതായും പീഡനവിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നെന്നും ആശുപത്രിയിലേക്ക് പോകുന്നവഴി പെൺകുട്ടി മൊഴി നൽകി. ദേശീയവനിതാകമ്മിഷൻ അംഗങ്ങൾ ആശുപത്രിയിലെത്തി പെൺകുട്ടിയെ സന്ദർശിച്ചു.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

സമീപവാസിയും ബന്ധുവുമായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്നും വിവാഹ കാര്യം ചർച്ചചെയ്യാൻ നാട്ടുപഞ്ചായത്ത് കൂടിയ സമയത്താണ് തീ കൊളുത്തിയതെന്നും പൊലീസ് പറഞ്ഞു.