ന്യൂഡൽഹി∙ പാകിസ്ഥാനിൽ നിർബന്ധിത മതം മാറ്റം ഉൾപ്പെടെ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ ഇമ്രാൻ ഖാൻ സർക്കാരിനെ ഐക്യരാഷ്‌ട്ര വനിതാ കമ്മിഷൻ രൂക്ഷമായി വിമർശിച്ചു.
ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ഭൂരിപക്ഷ മാനസികാവസ്ഥയെ
വിവേചനപരമായ നിയമത്തിലൂടെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് യു. എന്നിലെ സ്റ്റാറ്റസ് ഓഫ് വിമൻ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങൾ ദുരിതത്തിലാണ്. സ്ത്രീകളും കുട്ടികളുമാണ് ബുദ്ധിമുട്ടിലാകുന്നത്. നൂറു കണക്കിനു യുവതികളാണ് മതം മാറി മുംസ്ലീം യുവാക്കളെ വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്നത്. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഇത് രൂക്ഷം. ഇതിൽ ഭൂരിഭാഗവും18 വയസ് തികയാത്തവരാണ്. വിദ്യാഭ്യാസവും സമ്പത്തും കുറഞ്ഞതാണ് ഇവരെ ലക്ഷ്യമിടാൻ കാരണം. പെൺകുട്ടികൾക്കും കുടുംബങ്ങൾക്കും വലിയ ഭീഷണി നേരിടേണ്ടിവരുന്നു.
ന്യൂനപക്ഷങ്ങളിലെ ഇരകളോടു പാക്കിസ്ഥാനിലെ നിയമവും പൊലീസും വിവേചനപരമായാണു പെരുമാറുന്നത്.
ന്യൂനപക്ഷങ്ങളെ പാകിസ്ഥാനിൽ രണ്ടാംനിര പൗരന്മാരായി കണക്കാക്കുന്നതിന് ഉദാഹരണങ്ങളും റിപ്പോർട്ടിലുണ്ട്. 2019 മേയിൽ സിന്ധിൽ ഹിന്ദുവായ ഡോക്ടറുടെ ക്ലിനിക്കിനു ജനങ്ങൾ തീയിട്ടിരുന്നു. മതഗ്രന്ഥത്തിലെ കടലാസിൽ മരുന്നു പൊതിഞ്ഞെന്ന് ആരോപിച്ചായിരുന്നു അക്രമം. ഇതിൽ പ്രദേശത്തെ മതന്യൂനപക്ഷങ്ങളുടെ കടകളെല്ലാം കത്തിച്ചു. പാക്കിസ്ഥാനിലെ ‘ദൈവനിന്ദാ നിയമങ്ങൾ’ ന്യൂനപക്ഷങ്ങൾക്കെതിരെ കള്ളക്കേസുകളുണ്ടാക്കി ദ്രോഹിക്കാൻ ഉപയോഗിക്കുന്നു. ദൈവനിന്ദ ആരോപിച്ച് ജനങ്ങൾ തന്നെ നിയമം കൈയിലെടുത്തു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾക്ക് സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സ്ഥിരമായി ശാരീരികമായും മാനസികമായും അപമാനങ്ങൾ ഉണ്ടാകുന്നു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകർ കടുത്ത ഭീഷണിക്കും അക്രമങ്ങൾക്കും നടുവിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.