ഇലക്ട്രിക് വാഹന വിപണിയിലെ പ്രമുഖ ബ്രാൻഡാണ് ഇലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല എന്ന കാർ നിർമാണ, ഊർജ കമ്പനി. താരതമ്യേന വിലക്കുറവിൽ നിരവധി ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്തിച്ച അമേരിക്കൻ കമ്പനിയായ ടെസ്ല അടുത്തിടെ പുറത്തിയ സൈബർ ട്രക്കും വിജയത്തിലേക്ക് കുതിക്കുകയാണ്. ആദ്യപ്രദർശനത്തിൽ നേരിയ പരാജയം നേരിട്ടുവെങ്കിലും ചുരുങ്ങിയ സമയം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ഓർഡറുകൾ നേടാൻ സൈബർ ട്രക്കിന് കഴിഞ്ഞു. എന്നാൽ ടെസ്‌ലയ്‌ക്കും ഇലോൺ മസ്ക്കിനെയും അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് കാത്തിരിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
ടെസ്ലയ്ക്ക് വെല്ലുവിളി ഉയർത്തികൊണ്ട് ചൈനീസ് കമ്പനിയായ ഗീലിയാണ് രംഗത്ത് വന്നിരിക്കുന്നത്. പുതിയ ഇലക്ട്രിക് വാഹന നിർമാണ ബ്രാൻഡ് പുറത്തിറക്കികൊണ്ടാണ് ഗീലി ടെസ്‌ലയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. ജിയോമെട്രി എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് വാഹന ബ്രാൻഡ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ എ സെഡാനും പുറത്തിറക്കിയിട്ടുണ്ട്. ആകെ 27,000 ഓർഡറുകൾ ചുരുങ്ങിയ സമയം കൊണ്ട് വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 410 മുതൽ 500 കിലോമീറ്റർ വരെ ഓടുന്ന ഈ വാഹനം ഇപ്പോൾ തന്നെ വാഹന പ്രേമികളുടെ ശ്രദ്ധ ആകർഷിക്കാൻ ആരംഭിച്ചിട്ടുണ്ട്.
കാറിന്റെ 61.9 കിലോവാട്ട് അവർ കപ്പാസിറ്റിയുള്ള ബാറ്ററി 60 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 30 മിനിറ്റ് മാത്രമാണ് വേണ്ടതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ഈ വാഹനത്തിന് വെറും 8.8 സെക്കൻഡുകൾ മാത്രം മതി. 161 ബി.എച്ച്.പി പവറും 250 എൻ.എം ടോർക്കുമാണ് വാഹനത്തിൽ നിന്നും ലഭിക്കുക. 2025ഓടെ ജിയോമെട്രി ബ്രാൻഡിന് കീഴിൽ 10 ഇലക്ട്രിക് വാഹനങ്ങളെങ്കിലും പുറത്തിറക്കാനാണ് ഗീലി പദ്ധതിയിടുന്നത്.