ധൻബാദ്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം പടരവെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമെങ്കിൽ നിയമത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജാർഖണ്ഡിലെ ഗിരിധിയിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാ പറഞ്ഞത് ഇങ്ങനെ: 'കഴിഞ്ഞ ദിവസം മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മയും മന്ത്രിമാരും എന്നെ കണ്ടിരുന്നു. അവർ പ്രശ്നങ്ങൾ വിശദീകരിച്ചു. നിയമത്തിൽ മാറ്റം വേണമെന്ന് ഉറച്ചുനിന്നു. ക്രിസ്മസിനു ശേഷം വന്നു കാണാൻ പറഞ്ഞിരിക്കുകയാണ്. ചർച്ച നടത്തി മേഘാലയയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.'
പൗരത്വ നിയമം അംഗീകരിക്കാത്ത പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച അമിത് ഷാ, നിയമം പാസായത് മുതൽ കോൺഗ്രസിനു വയറുവേദന തുടങ്ങിയെന്ന് പരിഹസിച്ചു.
കോൺഗ്രസ് തീപടർത്തുന്നു : മോദി
'കോൺഗ്രസും അനുയായികളും തീ പടർത്തുകയാണ്. അവരുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതോടെ അവർ കൊള്ളിവയ്‌പ്പ് നടത്തുന്നു. പാർലമെന്റിന്റെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നാണ് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നത്. യുവാക്കളെ അക്രമത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതിൽ ബി. ജെ. പി പ്രതിജ്ഞാബദ്ധമാണ്.'