bangal

പശ്ചിമ ബംഗാളിൽ ഇന്റർനെറ്റ് റദ്ദാക്കി

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം മൂന്നാംദിവസവും ശക്തമായതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ചില ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലാണ് ഇന്റർനെറ്റ് വിലക്കിയത്. ഇതിന് പുറമെ, നോർത്ത് 24 പർഗാനാസിലെ ബരാസാത്, ബാസിർഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പർഗാനാസിലെ ബരായ്‌പൂർ, കാനിംഗ് സബ്ഡിവിഷനുകളിലും ഇന്റർനെറ്റ് ലഭ്യമല്ല. അക്രമങ്ങൾ വ്യാപിക്കാതിരിക്കാനാണിത്.

ബംഗാളിൽ ഇന്നലെയും അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. മുർഷിദാബാദിൽ ശനിയാഴ്ച യാത്രക്കാരില്ലാത്ത അഞ്ചു ട്രെയിനുകളും മൂന്നു റെയിൽവേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകർ തീയിട്ടത്. ഇന്നലെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. റോഡുകളിൽ വാഹനങ്ങൾ തടഞ്ഞു. നാദിയ, ബിർഭും, ബർദ്ധമാൻ, നോർത്ത് 24 പർഗാനാസ്, ഹൗറ ജില്ലകളിൽ തെരുവുകളിൽ പരക്കെ അക്രമങ്ങൾ നടന്നു. നിരവധി സ്ഥലങ്ങളിൽ ജനക്കൂട്ടം റോഡുകളിൽ വിറകും ടയറുകളും കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. പലയിടത്തും റോഡുകൾ ഉപരോധിച്ചു.

പ്രതിഷേധം വർഗീയ കലാപമായി മാറുന്നത് തടയാനാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് പശ്ചിമബംഗാൾ സർക്കാർ വ്യക്തമാക്കി. ചില ബാഹ്യശക്തികൾ സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായും ആഭ്യന്തര വകുപ്പ് പറഞ്ഞു.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും കോൺഗ്രസും സമാധാന റാലികൾ നടത്തി. മന്ത്രിമാരെയും മുതിർന്ന നേതാക്കളെയും അണിനിരത്തിയായിരുന്നു തൃണമൂലിന്റെ നീക്കം. സ്ഥിതി നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ബി.ജെ.പി ആരോപിച്ചു.

രാഷ്‌ട്രപതിഭരണം ആവശ്യപ്പെടും: ബി. ജെ. പി

അക്രമങ്ങൾ തുടർന്നാൽ ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് ആവശ്യപ്പെടേണ്ടി വരുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു.

'രാഷ്ട്രപതി ഭരണത്തെ ബി.ജെ.പി അനുകൂലിക്കുന്നില്ല. മറ്റൊരു മാർഗവും ഇല്ലെങ്കിൽ അത് ആവശ്യപ്പെടേണ്ടിവരും. സംസ്ഥാനം കത്തിയെരിയുമ്പോൾ തൃണമൂൽ സർക്കാർ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണ്. അക്രമത്തിന് പിന്നിൽ ബംഗ്ലാദേശിൽനിന്നുള്ള മുസ്ലിം നുഴഞ്ഞു കയറ്റക്കാരാണ്.' - സിൻഹ പറഞ്ഞു.

അസമിൽ മരണം 5 ആയി

അസമിൽ നടക്കുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പിൽ പരിക്കേറ്റയാളാണ് ഇന്നലെ മരിച്ചത്. സോണിത് പുരിൽ പ്രതിഷേധക്കാർ കത്തിച്ച ടാങ്കർ ലോറിയുടെ ഡ്രൈവറും കൊല്ലപ്പെട്ടു. കർഫ്യൂവിൽ ഇളവ് നൽകിയെങ്കിലും ഇന്നലെയും പ്രതിഷേധങ്ങൾ അരങ്ങേറി. ഗുവാഹത്തിയിലെ പ്രതിഷേധത്തിൽ സിനിമാതാരങ്ങൾ, പ്രമുഖർ, വിദ്യാർത്ഥികൾ തുടങ്ങി ആയിരങ്ങൾ പങ്കെടുത്തു. സർക്കാർ ജീവനക്കാർ ബുധനാഴ്ച പണിമുടക്കും. ആൾ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഇന്ന് മൂന്ന് ദിവസത്തെ സത്യഗ്രഹം തുടങ്ങും.

മോദിയെ കാണും

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയിൽ ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ടു ബോദ്ധ്യപ്പെടുത്താൻ തീരുമാനിച്ചത്.

സമാന്തര പാർട്ടിയുണ്ടാക്കും: ആസു

പൗരത്വബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്ന ആൾ അസാം സ്റ്റുഡന്റസ് യൂണിയൻ ( ആസു ) ബി.ജെ.പിക്കും എ.ജി.പിക്കും കോൺഗ്രസിനും സമാന്തരമായി പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് കലാകാരൻമാരുടെ സംഘടന 'ശിൽപ്പി സമാജുമായി' ധാരണയെത്തിയതായി 'ആസു' പ്രസിഡന്റ് ദിപാങ്കനാഥ് പറഞ്ഞു.

എ.ജി.പി ജനങ്ങളെയും സംസ്ഥാനത്തെയും വഞ്ചിച്ചെന്നും കോൺഗ്രസും അത്രതന്നെ മോശമാണെന്നും ദിപാങ്ക ആരോപിച്ചു.

1979 - 85 കാലത്ത് സംസ്ഥാനത്തെ അനധികൃത കുടിയേറ്റത്തിനെതിരായി ആൾ അസാം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ ഉടലെടുത്ത അസാം പ്രക്ഷോഭമാണ്, പിന്നീട് അസം ഗണ പരിഷത്ത് ( എ.ജി.പി ) എന്ന രാഷ്ട്രീയ പാർട്ടിയായി മാറിയത്. പ്രഫുല്ല കുമാർ മഹന്തയെ പോലെയുള്ള സ്റ്റുഡൻസ് യൂണിയൻ നേതാക്കൾ പുതിയ പാർട്ടിയുടെ സമുന്നത സ്ഥാനങ്ങളിലേക്കെത്തി.

 എ.ജി.പി സുപ്രീംകോടതിയിലേക്ക്

ദേശീയ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകാൻ അസം ഗണ പരിഷത്ത് (എ.ജി.പി) തീരുമാനിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രമന്ത്രി അമിത് ഷായേയും കണ്ട് ചർച്ച നടത്തും. അസമിൽ സർബാനന്ദ സോനോവാൾ നയിക്കുന്ന ബി. ജെ. പി സർക്കാരിലെ സഖ്യകക്ഷിയാണ് എ.ജി.പി. മൂന്ന് മന്ത്രിമാരുണ്ട്. പൗരത്വബില്ലിനെ എ.ജി.പി പാർലമെന്റിൽ പിന്തുണച്ചിരുന്നു. ജനവികാരം മനസിലാക്കിയില്ലെന്ന് ആരോപിച്ച് നിരവധി നേതാക്കൾ പാർട്ടി വിട്ടു. തുടർന്നാണ് നിലപാട് മാറ്റിയത്.