ദുംക (ജാർഖണ്ഡ് ): പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമങ്ങൾ ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസും അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നതിന്റെ പേരിൽ അസമിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാൻകഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കലാപം ഉണ്ടാക്കുന്നവർക്ക് കോൺഗ്രസ് നിശബ്ദ പിന്തുണ നൽകുകയാണ്. തങ്ങളുടെ തീരുമാനം 100 ശതമാനം ശരിയായിരുന്നു. പാർലമെന്റിൽ എടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നെന്ന് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾതന്നെ തെളിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും അയോദ്ധ്യാ കേസിൽ സുപ്രീം കോടതി വിധി വന്നപ്പോഴും പാകിസ്ഥാൻ ചെയ്തതെന്താണോ അത് തന്നെയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്നും അകന്ന് നില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.