fathima-death-case
fathima death case

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് കേസ് സി.ബി.ഐയ്ക്കു വിടാൻ തമിഴ്നാട് സർക്കാരിന്റെ ശുപാർശ. കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ ഫാത്തിമയുടെ കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സർക്കാരിനെ സമീപിക്കുകയും ചെയ്തു.

അന്വേഷണം സി.ബി.ഐയ്ക്ക് വിടാവുന്നതല്ലേ എന്ന് കഴിഞ്ഞ ദിവസം സർക്കാരിനോട് ചോദിച്ച മദ്രാസ് ഹൈക്കോടതി,​ അന്വേഷണ പുരോഗതി റിപ്പോർട്ട് അടുത്ത മാസം 22 നകം കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചിരുന്നു. സംഭവത്തിൽ മദ്രാസ് ഐ.ഐ.ടിക്കു മുന്നിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

ഫാത്തിമയുടെ അച്ഛൻ പ്രധാനമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണ ആവശ്യം ഉന്നയിച്ചിരുന്നു. നവംബർ 9 നാണ് 19കാരിയായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.