hartal-

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് 17 ന് ചില സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അന്നേ ദിവസം തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്‌സര, ട്രഷറർ ദേവസ്യ മേച്ചേരി എന്നിവർ അറിയിച്ചു.

എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ബി.എസ്.പി, കേരള മുസ്‌ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആർ.എം, ജമാ- അത്ത് കൗൺസിൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹർത്താൽ സന്ദേശം പ്രചരിപ്പിക്കുന്നത്.

ഹർത്താലിനെതിരെ നേരത്തെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് വളർന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്നും. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയിൽപ്പെടുന്നതിന് സമമാണതിതെന്നും സി.പി.എം സംസ്ഥാന സമിതി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.